കോട്ടയം: പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദർശ് (23) ഇന്നു പുലർച്ചെ കൊല്ലപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ. അനിൽ കുമാർ കോട്ടയം നഗരസഭ 39ാം വാർഡായ ഇലിക്കലിലെ വിമത സ്ഥാനാർഥി. കോൺഗ്രസിന്റെ വിമത സ്ഥാനാർഥി ആയാണ് അനിൽ കുമാർ മത്സരിക്കുന്നത്. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി. സന്തോഷ്കുമാറിന് എതിരെയാണ് അനിലിന്റെ മത്സരം.
ആദ്യം ഇത്തവണ മത്സരിക്കാൻ സീറ്റ് തേടി കോൺഗ്രസിനെ സമീപിച്ചെങ്കിലും സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഎം നേതാക്കളുമായി അനിൽ കുമാർ ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ എൽഡിഎഫിൽ നിന്നും സീറ്റ് ലഭിക്കാതെ ആയതോടെ വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് കൊലപാതക കേസിൽ അനിൽ കുമാർ കസ്റ്റഡിയിലാകുന്നത്. അതേസമയം അനിൽകുമാറിന് നിലവിൽ കോൺഗ്രസുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
വി.കെ. അനിൽ കുമാറിന്റെ മകനുമാന്റെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആദർശിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു കൊലപാതകം. ആദർശിന്റെ കൈയ്യിൽ നിന്ന് എംഡിഎംഎ അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നൽകിയിരുന്നില്ല. പുതുപ്പള്ളി സ്വദേശിയായ ആദർശ് മാണിക്കുന്നത്തുള്ള അനിൽകുമാറിന്റെ വീട്ടിൽ എത്തി പ്രശ്‌നം ഉണ്ടാക്കി. ഇതേത്തുടർന്നാണ് അനിൽകുമാറും അഭിജിത്തും ചേർന്ന് ആദർശിനെ കൊലപ്പെടുത്തിയത്. മകൻ അഭിജിത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. നിലവിൽ വി.കെ. അനിൽകുമാറും മകൻ അഭിജിത്തും പോലീസ് കസ്റ്റഡിയിലാണ്.
കൊലപാതക ശ്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അനിൽ കുമാറിനെയും മകനെയും പിടികൂടിയത്. ഇരുവരെയും കോട്ടയം വെസ്റ്റ് പോലീസ് ചോദ്യം ചെയ്തു വരികയാണ്. അഭിജിത്തുമായി ബന്ധപ്പെട്ട് നിരവധി ലഹരി കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടാതെ വാഹന ഇടപാടുനായി ബന്ധപ്പെട്ടും അഭിജിത്തിന് ആദർശുമായി പണമിടപാടുണ്ടായിരുന്നു.



















































