കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു കാരണം പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതിലുള്ള പകയെന്നു പ്രതിയുടെ മൊഴി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. പ്രതി അമിത് ഉറാങ്ങിനെ ഇന്നു പുലർച്ചെ തൃശൂർ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അതേസമയം പ്രതിയുമായി തിരുവാതുക്കലിലെ വീടിനു സമീപം പോലീസ് നടത്തിയ തെളിവെടുപ്പിൽ, നിർണായക തെളിവായ ഡിവിആർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ആണ് വീടിനു സമീപത്തെ കൈത്തോട്ടിൽനിന്ന് കണ്ടെത്തിയത്. കൂടാതെ ഇയാൾ മോഷ്ടിച്ച മൊബൈൽഫോണും തോട്ടിൽനിന്നു കണ്ടെത്തി. തെളിവെടുപ്പ് തുടരുകയാണ്.
അമിത് മൂന്നു വർഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പും നടത്തി. കുടുംബം നൽകിയ പരാതിയെത്തുടർന്ന് ഇയാൾ കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റിലായിരുന്നു. ഏപ്രിൽ ആദ്യവാരമാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. പോലീസ് കേസിനെ തുടർന്ന്, അസം സ്വദേശിയായ പെൺസുഹൃത്ത് അമിതുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ജയിലിൽ നിന്നിറങ്ങിയപ്പോൾ കാമുകി തന്നെ ഉപേക്ഷിച്ചു എന്ന് തിരിച്ചറിഞ്ഞതാണ് അമിതിനെ പ്രകോപിപ്പിച്ചത്. ഇതോടെ വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അമിത് മൊഴി നൽകി.
അതേസമയം തിങ്കളാഴ്ച രാത്രി 10നു ശേഷം കൊലപാതകം നടന്നെന്നാണു നിഗമനം. തിരുവാതുക്കൽ ജംക്‌ഷൻ വരെ ഓട്ടോയിൽ വന്നശേഷം പിന്നീട് 200 മീറ്ററോളം നടന്നാണ് വീട്ടിലെത്തിയത്. അമിതിനെ ഓട്ടോറിക്ഷാ ഡ്രൈവർ തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ മുന്നിലുള്ള പ്രധാന ഗേറ്റിനു സമീപമുള്ള ചെറിയ ഗേറ്റ് ചാടിക്കടന്നാണ് അമിത് ഉള്ളിൽ കടന്നത്. മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ടു വിടവുണ്ടാക്കി ജനൽ തുറന്നു. തുടർന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളിൽക്കയറിയ അക്രമി രണ്ടു മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉൾപ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങൾ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്. തലയിൽ ആഴത്തിലേറ്റ മുറിവിൽനിന്നുള്ള രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
മദ്യലഹരിയിൽ ഭാര്യയെ അസഭ്യം പറഞ്ഞ പിതാവിനെ കുത്തി വീഴ്ത്തി മകൻ… 29 കാരൻ പോലീസ് പിടിയിൽ