തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാരുടെ ഈഴവ ജാതിക്കാരനു തൊഴിലില്‍നിന്നു മാറി നില്‍ക്കേണ്ടിവന്ന സംഭവം തന്ത്രിമാരുടെ ജാതി വിവേചനമെന്നു വ്യക്തമായി. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ നടക്കുന്ന കേസിന്റെ വിശദാംശങ്ങളിലാണ് ക്ഷേത്രം കഴകം പ്രവൃത്തികള്‍ മുമ്പ് നമ്പീശന്‍ വിഭാഗത്തില്‍പെട്ടയാള്‍ 40 വര്‍ഷത്തോളം കഴകം ജോലികള്‍ ചെയ്തപ്പോഴും മാരാര്‍ വിഭാഗക്കാരനായ മറ്റൊരാള്‍ കഴകം ജോലികള്‍ ചെയ്തപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഈഴവ വിഭാഗക്കാരന്‍ വന്നപ്പോള്‍ തന്ത്രിമാര്‍ സമരത്തിലേക്കടക്കം എത്തിച്ചത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് പരീക്ഷയെഴുതി നിയമ പ്രകാരം ജോലിക്കെത്തിയ ബി.എ. ബാലു എന്നയാള്‍ക്ക് പത്തുദിവസം മാത്രമാണു ജോലി ചെയ്യാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ക്ഷേത്രം തന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി കത്തു നല്‍കി. അഞ്ചുവര്‍ഷത്തോളം താത്കാലിക കഴകം ചെയ്തയാളെ പിരിച്ചുവിട്ടതാണു കാരണമായി ഇവര്‍ പറയുന്നത്. തന്ത്രിമാരുമായി ആലോചിക്കാതെയാണു ബാലുവിനെ നിയമിച്ചതെന്നും ഇവര്‍ പറയുന്നു. ആചാരപരായ പ്രവൃത്തികള്‍ക്കു തന്ത്രിമാരുടെ അനുവാദം വേണമെന്നും ഇവര്‍ വാദിക്കുന്നു.
പ്രതിഷ്ഠാ ദിന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ഈ മാസം ആറിന് തന്ത്രിമാര്‍ ദേവസ്വത്തിന് കത്തു നല്‍കിയതോടെയാണ് ബാലുവിനെ കഴക പ്രവര്‍ത്തിയില്‍ നിന്നും ഓഫീസ് ജോലിയിലേക്ക് താല്‍ക്കാലികമായി മാറ്റാന്‍ ദേവസ്വം അധികൃതര്‍ നിര്‍ബന്ധിതരായത്. ഇതിനെ ന്യായീകരിക്കാന്‍ തന്ത്രിമാരും അവരെ പിന്തുണയ്ക്കുന്നവരും പറയുന്ന കാര്യങ്ങള്‍ അടിമുടി വസ്തുതാ വിരുദ്ധമാണ്.
കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡ് ആദ്യമായി 1984ല്‍ ആണ് പി.പി. രാമചന്ദ്രനെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക ജോലിക്ക് താല്കാലികമായി നിയമിക്കുന്നത്. 1995ല്‍ അദ്ദേഹത്തിന് സ്ഥിരം നിയമനം നല്‍കി. 1984വരെ കാരായ്മയായി (പാരമ്പര്യ അവകാശം) ക്ഷേത്രത്തിലെ കഴക ജോലികള്‍ ചെയ്തിരുന്നത് മൂന്നു കുടംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൃഷ്ണപിഷാരം (6 മാസം) അറയ്ക്കല്‍ പിഷാരം (4 മാസം) തെക്കെ വാരിയം (2 മാസം) ഇങ്ങനെ ഒരു വര്‍ഷത്തില്‍ മൂന്നായി തിരിച്ചു ചെയ്തിരുന്ന കഴക പ്രവൃത്തികള്‍ക്ക് ഇനിമുതല്‍ വരാന്‍ സാധിക്കില്ലെന്ന് മൂന്നു കുടുംബങ്ങളും കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ദേവസ്വത്തിന് കാരായ്മയില്ലാത്ത പി.പി. രാമചന്ദ്രനെ നിയമിക്കേണ്ടിവന്നത്.
ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന തുക ജീവിക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രധാന കാരണം. പലരും വിദേശത്തും മറ്റു പല ജോലികള്‍ക്കും പോകുകയായിരുന്നു. രണ്ടു മാസത്തെ മാത്രം കാരായ്മക്കാരായ തെക്കെ വാരിയത്തിന് ആ ദിവസങ്ങളില്‍ പോലും വരാന്‍ സാധിക്കില്ലെന്നും അറിയിച്ചിരുന്നെങ്കിലും സമീപകാലത്ത് വിദേശത്തുനിന്നും എത്തിയവര്‍ ദേവസ്വത്തിന് അപേക്ഷനല്‍കി ആ രണ്ടു മാസത്തെ കഴക പ്രവൃത്തികള്‍ക്ക് ഇപ്പോള്‍ വീണ്ടും എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ദേവസ്വം ബോര്‍ഡ് 10 മാസത്തേക്കാണ് സ്ഥിരം നിയമനം നടത്താറുള്ളത്.
കാരായ്മക്കാരായ തെക്കെ വാരിയത്തെ കഴകക്കാര്‍ക്ക് വിരമിക്കല്‍ പ്രായം അവര്‍ നിശ്ചയിക്കുന്നതാണ്. ആരോഗ്യമുള്ളിടത്തോളം അത് നിര്‍വഹിക്കാന്‍ അവകാശമുണ്ട്. അതിനു ശേഷം കുടുംബത്തിലെ മറ്റൊരു അംഗത്തിന് കൈമാറാം. ഇവര്‍ രണ്ടുമാസം ജോലിയെടുക്കുമ്പോള്‍ 10 മാസം ദേവസ്വം നിയമിച്ചയാളാണ് ഈ ജോലികള്‍ ചെയ്യുക. രണ്ടുമാസം ഇയാള്‍ ഓഫീസ് ജോലികളില്‍ ഏര്‍പ്പെടും. 2020 ജനുവരി വരെ അതു നിര്‍വഹിച്ചിരുന്നത് പി.പി. രാമചന്ദ്രന്‍ ആയിരുന്നു. എന്നാല്‍ ഈ പത്തുമാസം ജോലിയില്ലെങ്കിലും തെക്കെ വാരിയത്തിന് 2,000 രൂപ വീതം മാസം അലവന്‍സ് നല്‍കും. ഇവരാണ് ഇപ്പോള്‍ 12 മാസം കഴക ജോലി വേണമെന്ന അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഒരിക്കലും അനുകൂലമാകില്ലെന്നും ഇതിന് അവകാശമുള്ള മറ്റു രണ്ടു കാരായ്മ കുടുംബക്കാര്‍ 40 വര്‍ഷം മുന്‍പ് തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് എഴുതി നല്‍കിയതിനാല്‍ ദേവസ്വം ബോര്‍ഡാണ് നിയമനം നടത്തുന്നതെന്നുമെല്ലാം നിശ്ചയമില്ലാതെയല്ല കേസിന് പോയിരിക്കുന്നത്. മറ്റു പല ഉദ്ദേശ്യ ലക്ഷ്യങ്ങളും ഇതില്‍ ഇവര്‍ക്കുണ്ടെന്നാണ് മനസിലാക്കേണ്ടത്.
1984 മുതല്‍ ദേവസ്വം നിയമിച്ച കാരായ്മക്കാരനല്ലാത്ത പി പി രാമചന്ദ്രന്‍ ‘നമ്പീശന്‍’ ജോലിയെടുത്തപ്പോഴും 2020 ജനുവരി 31 വിരമിച്ച അദ്ദേഹത്തിനു പകരം, ദേവസ്വം നിയമിച്ച താല്ക്കാലിക കഴകക്കാരനായ, കാരായ്മയില്ലാത്ത മറ്റൊരു ‘മാരാര്‍ ‘ സമുദായക്കാരന്‍ അഞ്ചു വര്‍ഷം ജോലി ചെയ്തപ്പോഴും തന്ത്രിമാരായിരുന്നില്ല നിയമനം നടത്തിയത്. ദേവസ്വം തന്നെയായിരുന്നു. പക്ഷെ ഇവര്‍ രണ്ടുപേരും സവര്‍ണരായതിനാല്‍ തന്ത്രിമാരുടെ അനുമതിയോ തന്ത്രി സമുദായത്തിന് എതിര്‍പ്പോ ഉണ്ടായില്ല. കഴകം കാരായ്മക്കാരുടെ കാര്യത്തിലാണ് തന്ത്രിമാരുമായി ആലോചിച്ചിരുന്നത്. ഇവിടെ അതില്ല, മാത്രമല്ല പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ബാലുവിനെ നിയമിച്ചത്.
അതിനുള്ള എല്ലാ അവകാശ അധികാരവും ദേവസ്വത്തില്‍ നിക്ഷിപ്തവുമാണ്. കൂടല്‍മാണിക്യം ദേവസ്വം എംപ്ലോയി റെഗുലേഷന്‍ ആക്ടിലും ഇതെല്ലാം പറയുന്നുണ്ട്. ഒഴിവാക്കിയ ജീവനക്കാരന് നോട്ടീസ് നല്‍കിയില്ലെന്നാണ് മറ്റൊരു വാദം. ഒരു ഒഴിവില്‍ സ്ഥിരം നിയമിതനായ വ്യക്തി ജോലിക്കെത്തിയാല്‍ താല്ക്കാലിക തസ്തിക ഇല്ലാതാകുന്നത് സ്വാഭാവികമാണെന്ന് ആര്‍ക്കും അറിയാവുന്ന കാര്യവുമാണ്. അപ്പോള്‍ നാം മനസിലാക്കേണ്ടത് ഇവയൊന്നുമല്ല, ‘ഈഴവ ജാതി’ തന്നെയാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാരെ പ്രകോപിപ്പിച്ചതെന്നാണ്.
അപ്പോഴാണ് മേല്‍പ്പറഞ്ഞ ന്യായവാദങ്ങള്‍ എല്ലാം നിരത്തിയത്, താല്ക്കാലിക ജീവനക്കാരന്റെ തൊഴില്‍ നഷ്ടത്തെക്കുറിച്ച് വലിയ ഉത്കണ്ഠകള്‍ ഉണര്‍ന്നത്. ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ആരു പറഞ്ഞാലും ‘അമ്പലവാസി’യല്ലാത്തവനെ പണിയെടുപ്പിക്കില്ലെന്നു തന്നെ തീരുമാനിക്കുകയും പ്രതിഷ്ഠാദിന ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുമെന്നു് ബോര്‍ഡിന് കത്തു നല്‍കുകയും ചെയ്തത്.