കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്‌ളാറ്റിൽ നിന്നു ചാടി 15 വയസുകാരൻ മരിച്ചസംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാധിയിൽ റാഗിങ് സംബന്ധിച്ചുള്ള അന്വേഷണത്തിൽ കേന്ദ്രീകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. മരിച്ച മിഹിർ അഹമ്മദ് പഠിച്ചിരുന്ന സ്‌കൂളിലെ സഹപാഠികളിൽനിന്ന് റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തേടുന്നത്.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച എറണാകുളത്തെത്തിയ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ബന്ധപ്പെട്ടവരിൽനിന്ന് മൊഴിയെടുത്തിരുന്നു. മിഹിറിന്റെ രക്ഷിതാക്കളും കുട്ടി റാഗിങ്ങിന് ഇരയായിട്ടുണ്ടെന്ന ആരോപണത്തിൽത്തന്നെയാണ് ഉറച്ചുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വ്യക്തമായ അന്വേഷണത്തിലൂടെ സംഭവത്തിൽ നീതിയുറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്.
മിഹിറിന്റെ മരണത്തിൽ പ്രധാനമായും മൂന്നുകാര്യങ്ങളാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷിച്ച് റിപ്പോർട്ടു നൽകുന്നത്. വിദ്യാർഥി എന്ന നിലയിൽ മിഹിർ നേരിട്ട കാര്യങ്ങളും ഈ ദുരന്തത്തിൽ നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്നും പോക്‌സോ അടക്കമുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും.
തിങ്കളാഴ്ച എറണാകുളത്തെത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനുമുന്നിൽ മിഹിറിന്റെ മാതാവ് നൽകിയ മൊഴിയിൽ കുട്ടി പഠിച്ചിരുന്ന സ്‌കൂളുകൾക്കുനേരേ ശക്തമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മിഹിർ പഠിച്ചിരുന്ന തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിനെതിരേയും മുൻപു പഠിച്ചിരുന്ന ജെംസ് അക്കാദമിക്കെതിരേയും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
നെന്മാറ ഇരട്ട കൊലക്കേസ്: പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും; പ്രദേശത്ത് കനത്ത സുരക്ഷ
മിഹിർ റാഗിങ്ങിനിരയായിട്ടുണ്ടെന്നും അതാണ് അവനെ ആത്മഹത്യയിലേക്കുനയിച്ചതെന്നുമാണ് മാതാവിന്റെ മൊഴി. ഫോൺ ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും മറ്റുകുട്ടികൾ പറഞ്ഞ കാര്യങ്ങളുമൊക്കെയാണ് ഇവർ അതിനുതെളിവായി ഡയറക്ടറുടെമുന്നിൽ നിരത്തിയത്. മിഹിറിനു സംഭവിച്ചത് എന്താണെന്ന് ലോകം അറിയണമെന്നാവശ്യപ്പെട്ട മാതാവ്, മറ്റുമാതാപിതാക്കൾക്കും ഇത്തരമൊരു സങ്കടം ഇല്ലാതിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും പറഞ്ഞു. മിഹിറിന് നീതികിട്ടിയാൽ അത് കേരളത്തിൽ ഇത്തരമൊരുസംഭവം ആവർത്തിക്കാതിരിക്കാൻ ഏറെ സഹായകരമാകും. സ്‌കൂളുകളിൽ റാഗിങ് നടക്കുന്നുണ്ടെങ്കിൽ അത് തടയേണ്ടത് ഏതൊരു രക്ഷിതാവിന്റെയും ആവശ്യവും നീതിയുമാണെന്നും മിഹിറിന്റെ രക്ഷിതാക്കൾ ഡയറക്ടർക്കു നൽകിയ മൊഴിയിൽ പറയുന്നു.
കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസവകുപ്പ് ഓഫീസിലാണ് ഡയറക്ടർ തെളിവെടുപ്പ് നടത്തിയത്. ആരോപണ വിധേയരായ സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും തെളിവെടുപ്പിനെത്തിയിരുന്നു. ഡയറക്ടർ അടുത്തദിവസം റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് സൂചന.