ടെഹ്‌റാൻ: അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ചു തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അതു ട്രംപിന്റെ സ്വപ്നം മാത്രമാണെന്നായിരുന്നു ഖാംനഇയുടെ പരിഹാസം. ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാൻ ട്രംപിന് എന്ത് അവകാശമെന്നും ഖാംനഇ ചോദിച്ചു.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചുവെന്നും അവ പൂർണ്ണമായും ഇല്ലാതാക്കിയെന്നും കഴിഞ്ഞാഴ്ച ട്രംപ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ഇതിനു പിന്നാലെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള ട്രംപിന്റെ ക്ഷണം ഖാംനഇ നിരസിച്ചു. ജൂണിൽ ഇറാനും യുഎസും അഞ്ചു വട്ടം ചർച്ചകൾ പൂർത്തിയാക്കിയപ്പോഴായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്ക് നടത്തിയത്. ഈ ആക്രമണത്തിൽ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്നായിരുന്നു ട്രംപ് അവകാശപ്പെട്ട് രംഗത്തെത്തിയത്.
അതേസമയം ഖാംനഇയുടെ ഈ പ്രതികരണത്തിന് പിന്നാലെ ഐക്യരാഷ്ട്രസംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായുള്ള സഹകരണ കരാർ റദ്ദാക്കിയതായി ഇറാൻ സ്ഥിരീകരിച്ചു. ഐഎഇഎയുമായി സെപ്റ്റംബറിൽ ഒപ്പുവെച്ച സഹകരണ കരാർ ആണ് റദ്ദാക്കിയത്. ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്രസംഘടന ഇറാനെതിരെ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചാൽ ഐഎഇഎയ്ക്ക് തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ പരിശോധന പുനരാരംഭിക്കാൻ അനുവദിക്കുന്ന കരാർ അവസാനിപ്പിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു.