ഒട്ടാവ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് താൻ പുറത്തിറങ്ങിയെന്നും നിങ്ങളെ കാത്തിരിക്കുകയാണെന്നും ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ മറ്റൊരു ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിങ് ഗോസലിനൊപ്പമായിരുന്നു പന്നുന്റെ ഭീഷണി.
ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് പുറത്തിറങ്ങിയയുടൻ ഗോസൽ നടത്തിയ ഭീഷണി വീഡിയോയും പുറത്തുവന്നിട്ടുണ്ട്. താനിപ്പോൾ സ്വതന്ത്രനാണെന്നും പ്രഖ്യാപിത ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പന്നുനെ പിന്തുണയ്ക്കുമെന്നും ജയിലിനു പുറത്ത് വച്ച് ഇയാൾ പ്രഖ്യാപിക്കുകയും ചെയ്തു.
‘‘ഇന്ത്യ, ഞാൻ പുറത്തെത്തി; ഗുർപട്‌വന്ത് സിങ് പന്നുനെ പിന്തുണയ്ക്കാൻ, 2025 നവംബർ 23ന് ഖലിസ്ഥാൻ ഹിതപരിശോധന സംഘടിപ്പിക്കാൻ… ഡൽഹി ബനേഗാ ഖലിസ്ഥാൻ (ഡൽഹി ഖലിസ്ഥാനായി മാറും)’’ – വീഡിയോയിൽ ഗോസൽ പറയുന്നു. അതേസമയം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനുനേർക്കായിരുന്നു പന്നുന്റെ ഭീഷണികൾ. ‘‘അജിത് ഡോവൽ, എന്തുകൊണ്ടാണ് നിങ്ങൾ കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലോ വന്ന് അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെ കൈമാറ്റം ചെയ്യാനോ ശ്രമിക്കാത്തത്. ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുകയാണ്’’ – പന്നുൻ പറഞ്ഞു.
ഏതാനും നാളുകൾക്കു മുൻപ് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചതിനു നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) തലവനായ പന്നുനെതിരെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതു തടയുന്നവർക്ക് 11 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത പ്രസംഗത്തിനു പിന്നാലെയായിരുന്നു നടപടി.
അതേസമയം ഹർദീപ് സിങ് നിജ്ജാറിന്റെ മരണശേഷം 2023ൽ എസ്എഫ്ജെയുടെ കാനഡയിലെ സംഘാടകനായി മാറിയിരുന്നു പന്നുന്റെ വലംകൈയായ ഗോസൽ. സെപ്റ്റംബർ 19 ന് ഒന്റാറിയോയിലെ ഒരു ട്രാഫിക് പരിശോധനയിൽ അറസ്റ്റിലായ മൂന്ന് ഖലിസ്ഥാൻ വിഘടനവാദികളിൽ ഒരാളായിരുന്നു ഇയാൾ. ന്യൂയോർക്കിൽനിന്നുള്ള ജഗ്ദീപ് സിങ്, ടൊറന്റോയിൽനിന്നുള്ള അർമാൻ സിങ് എന്നിവരും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. മൂന്നു പേർക്കെതിരെയും ആയുധ നിയമപ്രകാരം കേസെടുക്കുകയും തിങ്കളാഴ്ച ഒന്റാറിയോ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
അശ്രദ്ധമായി ആയുധം ഉപയോഗിക്കൽ, അപകടകരമായ ആവശ്യങ്ങൾക്കായി ആയുധം കൈവശം വയ്ക്കൽ, ഒളിപ്പിച്ച് ആയുധം കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയതെന്ന് കനേഡിയൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇന്നലെ ഗോസലിനു ജാമ്യം ലഭിച്ചിരുന്നു.