കൊച്ചി: കെഎഫ്സി വായ്പ തട്ടിപ്പ് കേസിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, അനധികൃത സ്വത്ത് വർധനവ് തുടങ്ങിയ കേസുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, അൻവറിൻറെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി. കെഎഫ്സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി പരിശോധന.
അതേസമയം ഇന്നലെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പി വി അൻവറിനെ വിട്ടയച്ചത്. നേരത്തെ ഡിസംബർ 31ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അൻവർ സമയം നീട്ടി ചോദിച്ചിരുന്നു. തുടർന്ന് ജനുവരി ഏഴിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇന്നലെ ചോദ്യം ചെയ്തത്. കെഎഫ്സി മലപ്പുറം ബ്രാഞ്ചിൽ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കെഎഫ്സി മലപ്പുറം ചീഫ് മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേയും പിവി അൻവർ, സഹായി സിയാദ് അമ്പായത്തിങ്ങൽ എന്നിവർക്കെതിരെ വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു.
കൊല്ലത്തെ വ്യവസായിയും പ്ലാൻറുമായ മുരുഗേഷ് നരേന്ദ്രൻറെ പരാതിയെ തുടർന്നായിരുന്നു വിജിലൻസ് അന്വേഷണം. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടിൽ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരൻ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.















































