നിലമ്പൂർ: പിവി അൻവർ വിഷയത്തിൽ താൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘അൻവറിനോടു രണ്ട് വാചകങ്ങളിൽ ഇന്നലെ കാര്യം പറഞ്ഞിട്ടുണ്ട്. അത് എന്റെ വാക്കല്ല, കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉറച്ച വാക്കാണ്. ഏറ്റവും ലളിതമായിട്ടാണ് കാര്യം പറഞ്ഞത്. ഒരു അഹങ്കാരവുമില്ല’ സതീശൻ പ്രതികരിച്ചു.
യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്നും ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അൻവർ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് നിലപാട് അതിനുശേഷം പറയാമെന്നും സതീശൻ പറയുകയുണ്ടായി.
എന്നാൽ സതീശന്റെ ഈ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി പിവി അൻവർ ഇന്ന് രംഗത്തെത്തിയിരുന്നു. യുഡിഎഫ് പ്രവശനവും സഹകരണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലുമാസമായി കത്ത് നൽകി കാത്തിരിക്കുകയാണെന്നും വിഡി സതീശനെ യുഡിഎഫ് നേതാക്കാൾ തീരുമാനം പ്രഖ്യാപിക്കാൻ ചുമതലപ്പെടുത്തിയിട്ടും അദ്ദേഹം അത് നടപ്പിലാക്കുന്നില്ലെന്നും അൻവർ കുറ്റപ്പെടുത്തി.
ഇതിനോടുള്ള സതീശന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ഓരോരുത്തർ പറയുന്ന കാര്യങ്ങൾക്ക് പത്രസമ്മേളനം നടത്തി മറുപടി പറയുന്നതിൽ അനൗചിത്യം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം അൻവർ നടത്തുന്ന പ്രസ്താവനകളോട് എതിർപ്പുണ്ടെങ്കിലും അദ്ദേഹത്തെ ഒപ്പം സഹകരിപ്പിക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ലീഗ് നേതാക്കളും. വിചാരിക്കുന്ന കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. ശുഭകരമായ പര്യവസാനം ഉണ്ടാകുമെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചർച്ചകളും ആശയവിനിമയങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അൻവറുമായുള്ള പ്രശ്‌നം പരിഹരിക്കാനാകുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. അൻവറുമായും പ്രതിപക്ഷനേതാവുമായും താൻ സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. മുന്നണിയിലേക്ക് ഒരു ഘടകകക്ഷിയെ എടുക്കുമ്പോൾ ചില നടപടിക്രമങ്ങളുണ്ട്. ഇക്കാര്യത്തിൽ വൈകാതെ ശുഭകരമായ തീരുമാനത്തിലേക്കെത്തിക്കാൻ നടപടിയുണ്ടാകും. എല്ലാവരേയും ചേർത്ത് നിർത്തണമെന്നാണ് യുഡിഎഫിന്റെ എക്കാലത്തേയും സമീപനം. തീരുമാനം വൈകുന്നതിൽ പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ ആകില്ലെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും പറഞ്ഞു. യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം. പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും സണ്ണി ജോസഫ് ചോദിച്ചു.
അതേസമയം അൻവറിന് താൻ മറുപടി പറയുന്നില്ലെന്നും യുഡിഎഫ് നേതൃത്വം അക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ആരെയും ചേർത്തു നിർത്തും. നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങളാണ് തനിക്ക് പ്രധാനം. നിലമ്പൂരിൽ നേരത്തെ തന്നെ യുഡിഎഫ് മുന്നൊരുക്കം നടത്തിയിരുന്നു. വലിയ വിജയം യുഡിഎഫിനുണ്ടാകും. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങൾ തുടരുകയാണ് ലക്ഷ്യമെന്നും ഷൗക്കത്ത് പറഞ്ഞു.