തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ അതി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടതിൻ്റെ ഞെട്ടൽ മാറും മുൻപേ സമാനരീതിയിലുള്ള മറ്റൊരു മർദനത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്ത്. പീച്ചി പോലീസ് സ്റ്റേഷനിൽ 2023-ൽ നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പരാതിക്കാരൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
2023 മേയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം.
സംഭവം നടന്നത് 2023 മേയ് 24-നാണ്. കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനിൽ അപമാനിക്കുകയും മർദിക്കുകയും ചെയ്യുകയായുരുന്നു. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്‌ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ദൃശ്യങ്ങളിൽ ഉടമയുടേയും മറ്റൊരാളുടേയും കരണത്തിനിട്ട് അടിക്കുന്നത് കാണാൻ സാധിക്കും. കൂടാതെ ഇവരെ തള്ളി മറ്റൊരു റൂമിലേക്ക് കണ്ടുപോകുന്നതും അതിനു പിറകേ പോലീസുകാർ കയറുന്നതും ദൃശ്യങ്ങിൽ കാണാം.
അതേസമയം മർദന ദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ പോലീസ് നിരന്തരം തള്ളി. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യം കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവിൽ മനുഷ്യാവകാശകമ്മിഷൻ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങൾ നൽകാൻ പോലീസ് തയ്യാറായത്. എന്നിട്ടും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ മടിക്കുകയാണ് അധികൃതർ. മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രാദേശികനേതാവ് സുജിത്തിനെ പോലീസുകാർ ക്രൂരമായി മർദിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ ശനിയാഴ്ച സർവീസിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ തനിക്കു നേരേ പോലീസിന്റെ അതിക്രമമുണ്ടായെന്നു കാണിച്ച് പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി രംഗത്തെത്തിയിരുന്നു. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് തന്നെ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ തന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചെന്ന് സജീവ് പറഞ്ഞു. താൻ ഈ ഇടുന്നതു പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിൻറെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു.