ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനേയും സൈന്യത്തേയും വിമർശിച്ച് വ്യാജ പ്രചാരണം നടത്തിയ മലയാളി മാധ്യമപ്രവർത്തകൻ നാഗ്പൂരിൽ അറസ്റ്റിൽ. റെജാസ് എം ഷീബ സിദ്ദീഖി(26)നെയാണ് നാഗ്പൂരിലെ ലകദ്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. റെജാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തും നാഗ്പൂർ സ്വദേശിനിയുമായ ഇഷ കുമാരി(22)യും അറസ്റ്റിലായി
മക്തൂബ്, കൗണ്ടർ കറന്റ്സ്, ഒബ്സർവർ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളിൽ എഴുതുന്ന മാധ്യമ പ്രവർത്തകനാണ്. നാഗ്പൂരിലെ ഹോട്ടലിൽ നിന്നാണ് റെജാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസമായി ഇദേഹം നാഗ്പൂരിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നാഗ്പൂരിലെ വിവിധ ഇടങ്ങളിലെ ചിത്രങ്ങൾ ഇദേഹം പകർത്തിയെന്നും കണ്ടെത്തിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളിൽ കേന്ദ്ര- സംസ്ഥാനസർക്കാരുകൾ നടത്തുന്ന ഓപ്പറേഷൻ കഗാർ എന്ന പേരിലുള്ള സൈനിക നടപടിയെയും റെജാസ് വിമർശിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിൽ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നതിന് നീതി നൽകുമോയെന്നും റെജാസ് പറഞ്ഞതായും പോലീസ് എഫ്‌ഐആറിൽ പറയുന്നു.
പിടിയിലായ ഇയാൾ കേന്ദ്രസർക്കാർ യുഎപിഎ പ്രകാരം നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമാണ് എന്നാണ് ലകദ്ഗഞ്ച് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ റെജാസിനെ മെയ് 13 വരെ റിമാൻഡ് ചെയ്തു.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിച്ചു, രാജ്യത്തിനും സൈന്യത്തിനുമെതിരെ പ്രസ്താവനകൾ നടത്തി എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 192, 353(1)(യ), 353(2), 353(3) എന്നീ കുറ്റങ്ങൾ പോലീസ് കേസെടുത്തിരിക്കുന്നത്
അതേസമയം അറസ്റ്റിനിടെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ ഹി ഹു ഡിഫൈഡ് ഡെത്ത്: ലൈഫ് ആൻഡ് ടൈംസ് ഓഫ് പ്രൊഫ. ജി.എൻ. സായിബാബ, ദി ഗ്രേറ്റ് ലെഗസി ഓഫ് മാർക്സിസം-ലെനിനിസം: ലെനിൻ ഓൺ ദി സോഷ്യലിസ്റ്റ് സ്റ്റേറ്റ്, ഒൺലി പീപ്പിൾ മേക്ക് ദെയർ ഓൺ ഹിസ്റ്ററി എന്നീ പുസ്തകങ്ങളും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നിൽ രണ്ട് തോക്കുകൾ പിടിച്ച് റെജാസ് പോസ് ചെയ്തതായി പറയപ്പെടുന്ന ഒരു ടീ-ഷർട്ടും പോലീസ് പിടിച്ചെടുത്തു.
പക്ഷെ തോക്കുകൾ വ്യാജമാണോ യഥാർത്ഥമാണോ എന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, “ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങളോ മറ്റ് വസ്തുക്കളോ ശേഖരിച്ചതിന്” ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 149 പോലീസ് ഇട്ടിട്ടുണ്ട്. ഈ വകുപ്പിന് കീഴിലുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. റിമാൻഡ് അപേക്ഷയിൽ, തോക്കുകളുടെ ഉറവിടം നിർണ്ണയിക്കാൻ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം റെജാസിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നതനുസരിച്ച്, വിദ്യാർത്ഥിയായിരിക്കെ, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (SFI) ഭാഗമായി. പിന്നീട് തീവ്ര ഇടതുപക്ഷ ചായ്‌വുള്ളതായി കരുതപ്പെടുന്ന ഒരു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷനിൽ (DSA) ചേർന്നു. കൂടാതെ ‘നസാരിയ’ ജേണലിൽ നിന്നുള്ള ലഘുലേഖകൾ കണ്ടെത്തിയതായി എഫ്‌ഐആറിൽ പരാമർശിക്കുന്നുണ്ട്.