തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നോട്ടീസിന് മറുപടി നൽകാനുള്ള പേപ്പർ വരെ പൈസകൊടുത്ത് വാങ്ങേണ്ട ദുരവസ്ഥയിലാണെന്ന് ഡോ. ഹാരിസ് ചിറക്കൽ. മാധ്യമങ്ങൾക്ക് മുമ്പിൽ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. ആരോഗ്യവകുപ്പിന്റെ വിശദീകരണ നോട്ടീസിൽ അദ്ദേഹം മറുപടി നൽകാനിരിക്കെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഇതിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധിയല്ലെന്നും ഡോക്ടർ പറയുന്നു.
വിദഗ്ധ സമിതി റിപ്പോർട്ടിനെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ഡോക്ടർ, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി ഇറങ്ങിപ്പോവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം ഇല്ലാത്ത വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോഗ്യമേഖലയെ സാമ്പത്തികപ്രതിസന്ധി ഒരിക്കലും ബാധിക്കാൻ പാടില്ലെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.
അതേസമയം പരസ്യപ്രതികരണങ്ങൾ ആരോഗ്യവകുപ്പിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പിൻറെ നോട്ടീസ് ലഭിച്ചത്. മാത്രമല്ല ഈ ആരോപണങ്ങൾ ആരോഗ്യവകുപ്പിനെ താറടിച്ചുകാണിക്കാനുള്ള നീക്കമായി പലരും ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതുമുതലുള്ള കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം.
അതേസമയം ഡോ. ഹാരിസിന്റെ വാക്കുകൾ ഇങ്ങനെ- ‘കത്തുമുഖേന അറിയിക്കാനുള്ള വലിയ പ്രശ്നം എന്താണെന്ന് വെച്ചാൽ, നിങ്ങൾ വിശ്വസിക്കില്ല, പറയാൻ എനിക്ക് നാണക്കേടുണ്ട്… കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല. ഞാൻ അഞ്ഞൂറ് പേപ്പർ വീതം വാങ്ങി റൂമിൽ വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ കമ്പനിക്കാരെക്കൊണ്ട് വാങ്ങിയാണ് അടിച്ചുകൊടുക്കുന്നത്. അത്രയും വലിയ ഗതികേടാണ്. പിന്നെ എങ്ങനെയാണ് പേപ്പറിൽ എപ്പോഴും അടിച്ചു കൊടുക്കാൻ പറ്റുന്നത്.
അതുമാത്രമല്ല സ്വന്തമായി ഓഫീസോ, സ്റ്റാഫോ, പ്രിന്റിങ് മെഷീനോ ഇവിടെയില്ല. പലരുടേയും കൈയും കാലും പിടിച്ചിട്ടാണ് ഇത് എഴുതിയൊക്കെ കൊടുക്കുന്നത്. അതിനൊന്നും എനിക്ക് സമയമില്ല. ആവശ്യകത മനസിലാക്കി മീറ്റിങ്ങിൽ എഴുതിക്കൊടുക്കുമ്പോൾ അത് എന്തിനെന്നു മനസിലാക്കണം. രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’, ഹാരിസ് ചിറക്കൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയല്ല ഇതിനുള്ള കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർക്കാർ സംവിധാനങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ആണ് ഹാരിസിന് നോട്ടീസ് നൽകിയത്.
സാങ്കേതിക കാര്യങ്ങളിൽ പ്രശ്നം ഉന്നയിച്ചതിൽ കാര്യമുണ്ടെന്ന് ശരിവെക്കുന്നതോടൊപ്പം പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം വേണമെന്നാണ് നോട്ടീസിലെ ആവശ്യം. ഉപകരണമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ മാറ്റിവെച്ചെങ്കിലും പിറ്റേദിവസം ശസ്ത്രക്രിയ നടത്തി എന്ന കണ്ടെത്തൽ റിപ്പോർട്ടിലുണ്ട്. ഇത് എങ്ങനെ സാധിച്ചു എന്ന ചോദ്യവും നോട്ടീസിൽ ഉന്നയിക്കുന്നുണ്ട്. നോട്ടീസിൽ തെളിവുസഹിതം മറുപടി നൽകുമെന്നാണ് ഡോ. ഹാരിസ് ചിറക്കൽ പറയുന്നത്.
എന്നാൽ ഹാരിസ് ചിറക്കൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യ പ്രസ്താവനയും ചട്ട ലംഘനമാണ്. ഡോക്ടർ ഉന്നയിച്ച എല്ലാ പരാതികളിലും വസ്തുതയില്ലെന്നാണ് സമിതി കണ്ടെത്തിയതെന്നും ഹാരിസിനയച്ച നോട്ടീസിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
പക്ഷെ ഉപകരണങ്ങളില്ലാത്തതിന്റെ പേരിൽ താൻ ശസ്ത്രക്രിയ മുടക്കിയെന്ന നോട്ടീസിലെ ആരോപണം കള്ളമാണെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഉപകരണം ഇല്ലെന്ന് പുറത്തുപറഞ്ഞതിനുശേഷം അടിയന്തരമായി അവയെത്തിച്ച് ശസ്ത്രക്രിയ നടത്തിയകാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഉപകരണം ഇല്ലെന്ന് എത്രയോ പ്രാവശ്യം അധികൃതരെ അറിയിച്ചതാണ്.
ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെങ്കിൽ അക്കാര്യം ബോധ്യപ്പെടുത്തേണ്ടത് വകുപ്പുമേധാവി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണ്. പറഞ്ഞതിലുള്ള പ്രതികാര നടപടിയായേ നോട്ടീസിനെ കാണുന്നുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു. റിപ്പോർട്ട് പുറത്തുവിടണം. സർക്കാർ എന്തുനടപടി സ്വീകരിച്ചാലും നേരിടും. തന്നെയല്ല ഉപകരണം വാങ്ങാതെ താമസിപ്പിച്ചവരെയാണ് ശിക്ഷിക്കേണ്ടതെന്നെന്നും ഹാരിസ് പറഞ്ഞു.