കണ്ണൂർ: എസ്ഐ ഉൾപെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോടതി. 2015ൽ പയ്യന്നൂർ രാമന്തളിയിൽ സിപിഎം പ്രവർത്തകർ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത കേസ് പിൻവലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമർശനം.
സിപിഎം പ്രവർത്തകർ പ്രതികളായ ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് കേസ് തള്ളുകയായിരുന്നു. എന്തു പൊതുതാൽപര്യമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലുള്ളതെന്ന് കോടതി ചോദിച്ചു. പ്രതികൾ വിചാരണ നേരിടണമെന്നും കോടതി നിർദേശിച്ചു. 13 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.
അതേസമയം 1015ൽ സിപിഎം–എസ്ഡിപിഐ സംഘർഷത്തെത്തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് രാമന്തളിയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. എസ്ഐ ആയിരുന്ന കെപി ഷൈൻ ഉൾപ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാൾ കൊണ്ടാണ് ആക്രമിച്ചത്. സംഘർഷത്തിൽ പോലീസുകാർക്കു പരുക്കേറ്റിരുന്നു.


















































