കേരള സംസ്ഥാന ധനമന്ത്രി എന്ന നിലയിലുള്ള തന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രഭാഷണമാണ് കെഎൻ ബാലഗോപാൽ ഇന്നലെ നിയമ സഭയിൽ നടത്തിയത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ്. യഥാർത്ഥത്തിൽ ഈ ബജറ്റിന് ഒരു പ്രഖ്യാപനത്തിനപ്പുറത്തേക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നതാണ് വാസ്തവം. ഏപ്രിൽ മാസം തെരഞ്ഞെടുപ്പ് നടന്ന മെയ് മാസം പുതിയ സർക്കാർ വരാനിരിക്കെ ഇതിലെ പ്രഖ്യാപനങ്ങളൊക്കെ നടപ്പിലാക്കേണ്ടത് പുതുതായി വരുന്ന സർക്കാരാണ്. അത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും പുതുതായി വരുന്ന സർക്കാരുകൾ എല്ലാം തന്നെ പുതിയ ബജറ്റ് അവതരിപ്പിക്കാറാണ് പതിവ്. 2021 ൽ ഇതുപോലെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് വളരെ ദീർഘമായി തന്നെ അവതരിപ്പിച്ചെങ്കിലും മേയ് മാസം വന്ന രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രിയായ ബാലഗോപാൽ പുതിയ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമൊന്നുമല്ല. എങ്കിലും ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളെക്കുറിച്ച് ഒന്ന് പരിശോധിക്കാം.
ബജറ്റ് ആരംഭിച്ചത് തന്നെ കഴിഞ്ഞ വർഷം നവംബറിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച വർധിപ്പിച്ച സാമൂഹ്യ ക്ഷേമ പെൻഷനും സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന പദ്ധതിക്കുമുള്ള തുക വകയിരുത്തിക്കൊണ്ടായിരുന്നു. മുഖ്യമന്ത്രി അന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. എന്നാൽ ജനങ്ങൾ ആ ആനുകൂല്യ പ്രഖ്യാപനങ്ങൾക്ക് ശേഷവും എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ അവഗണിക്കുകയായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവികളിലൊന്നാണ് ഇത്തവണ ഇടതു മുന്നണി നേരിട്ടത്. അതുകൊണ്ടോ എന്തോ ഇത്തവണ അത്തരം കൂട്ടലുകളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ല. നിലവിലെ 2000 രൂപ തന്നെ പെൻഷൻ ആയി തുടരും. എന്നാൽ സമരം ചെയ്തിരുന്ന ആശ വർക്കർമാർക്ക് ഓണറേറിയം 1000 രൂപ വച്ച് വർധിപ്പിച്ചിട്ടുണ്ട്.
സമരം നടക്കുന്ന സമയത്ത് വർധിപ്പിക്കേണ്ടത് കേന്ദ്രമാണെന്നും സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാരിനെതിരെ ആണെന്നും പറഞ്ഞിരുന്ന സർക്കാർ തൽക്കാലം തെരഞ്ഞെടുപ്പിനു മുമ്പായി ആ നിലപാട് മാറ്റിയിട്ടുണ്ട്. അതോടൊപ്പം തന്നെ സാക്ഷരത് പ്രേരക്മാർക്കും അംഗൻവാടി വർക്കർമാർക്കും 1000 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്. 1000 രൂപ മാസം എന്ന് പറയുമ്പോൾ പ്രതിദിനം 33 രൂപയോളം എന്ന് കരുതാം. സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിദിനം 25 രൂപയും വർധിപ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധികൾക്കുള്ള ഓണറേറിയം പുതുക്കിയത് 2026 ഏപ്രിൽ മുതൽ നൽകുമെന്നാണ് പ്രഖ്യാപനം. എന്നാൽ അതിനു മുമ്പേ ഈ സർക്കാരിന്റെ കാലാവധി അവസാനിക്കും എന്നതാണ് രസകരം. മറ്റൊന്ന് RRTC എന്ന പേരിൽ പുതിയ റെയിൽ പദ്ധതിയാണ്. അതിനായി പ്രാഥമിക പ്രവർത്തനത്തിനായി 100 കോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്നാൽ ബജറ്റിൽ ഈ പ്രഖ്യാപനം വന്ന ഉടനെ തന്നെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അതിവേഗ റെയിൽ പാതയുടെ മേധാവിയായ ഇ ശ്രീധരൻ ഇത് പ്രായോഗികമല്ലെന്ന് പറയുകയുണ്ടായി. കാരണം അതിവേഗ റെയിലിന്റെ മറ്റൊരു രൂപം തന്നെയാണ് RRTC. എന്നാൽ ബജറ്റ് അവസാനിക്കും മുമ്പായി കെ റെയിൽ വരും കേട്ടോ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ധനമന്ത്രി പറഞ്ഞതോടെ ആകെ ആശയക്കുഴപ്പമായി. കെ റെയിൽ നടപ്പാക്കാനാണെങ്കിൽ പിന്നെ RRTC ക്കായി 100 കോടി വകയിരുത്തുന്നതിന്റെ ഉദ്ദേശം എന്താണ്. അവസാനം ഈ കുഞ്ഞു കേരളത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് വേഗറെയിൽ പാതകൾ ഒരേ സമയം ഉണ്ടാവുമോ.
പിന്നെ പ്രഖ്യാപിച്ച പ്ലാൻ ചെലവുകൾ സംബന്ധിച്ച് പ്രതിപക്ഷം ഇപ്പോഴേ വിമർശനമുന്നയിച്ചു കഴിഞ്ഞു, നിലവിൽ ഈ വർഷം ഇതുവരെ ആകെ പ്രഖ്യാപിച്ചതിന്റെ 38 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്നിരിക്കെ അടുത്ത വർഷത്തേക്ക് വലിയ വർധനവ് കടലാസിൽ പ്രഖ്യാപിക്കുന്നത് വെറും തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ ബജറ്റിൽ കൂടുതലും കഴിഞ്ഞ 5 വർഷം കേരള സർക്കാർ എന്തൊക്കെ ചെയ്തു ചെയ്യാൻ ശ്രമിച്ചു എന്നതെല്ലാമാണ് ബാലഗോപാൽ വിശദീകരിക്കാൻ ശ്രമിച്ചത്. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ ഒരു വിധത്തിലും സഹായിക്കുന്നില്ലെന്ന് മാത്രമല്ല പരമാവധി ബുദ്ധിമുട്ടിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി. അതോടൊപ്പം ഇടത് സർക്കാർ എന്ന നിലയിൽ അമേരിക്കയേയും ട്രംപിനേയും വിമർശിക്കാനും സമീപകാലത്ത് ഇന്ത്യയും യൂറോപ്പും തമ്മിൽ ഒപ്പിടുന്ന വ്യാപാര കരാറിനെക്കുറിട്ടും വിമർശനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. യൂറോപ്യൻ വ്യാപാര കരാറിനെ വിമർശിക്കുമ്പോൾ തന്നെ കഴിഞ്ഞ ദിവസം സ്വിറ്റ്സർലാണ്ടിലെ ദാവോസിൽ നടന്ന ലോക ഇക്കണോമിക് ഫോറത്തിൽ വിദേശ നിക്ഷേപ താൽപര്യങ്ങൾ വന്നതിനെ നേട്ടമായി പറയുകയും ചെയ്യുന്നുണ്ട്.
സർക്കാർ ജീവനക്കാരെ എക്കാലത്തും ആനുകൂല്യങ്ങൾ നൽകി കൂടെ നിർത്തുന്ന പതിവാണ് ഇടതു സർക്കാരുകൾക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ രണ്ടാം പിണറായി സർക്കാർ അതെല്ലാം മാറ്റി മറിച്ച് കുറച്ച് പ്രഖ്യാപനങ്ങളിൽ ഒതുക്കിയിരിക്കുകയാണ്, D A കുടിശ്ശിക മാർച്ചിൽ നൽകുമെന്ന് പറയുമ്പോഴും ഇതുവരെയുള്ള കുടിശ്ശികയുടെ കാര്യത്തിൽ യാതൊരു ഉറപ്പും പറയുന്നില്ല. 2024 ജൂലായിൽ ഉണ്ടാവേണ്ടിയിരുന്ന ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്. മൂന്ന് മാസത്തെ കാലാവധി എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സാധാരണ കമ്മീഷനുകൾ ഒരു വർഷത്തോളം എടുത്താണ് റിപ്പോർട്ടുകൾ സമർപ്പിക്കാറുള്ളത്. എന്തു തന്നെയായാലും ഈ സർക്കാരിന് അത് നടപ്പാക്കേണ്ടി വരില്ല എന്നുറപ്പാണ്. അടുത്തത് UDF ആണ് വരുന്നതെങ്കിൽ നിലവിലെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ഒരു ധവള പത്രം ആയിരിക്കും ആദ്യം വെക്കുക എന്നതിനാൽ ചെലവ് ചുരുക്കൽ ആയിരിക്കും ആദ്യ നടപടികൾ. 2002 ലേതുപോലെയുള്ള സാഹചര്യം പോലും ഉണ്ടായേക്കാം. ചുരുക്കത്തിൽ ശമ്പള പരിഷ്കരണം നടത്താതെ കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഇടത് സർക്കാരാവുകയാണ് പിണറായി വിജയൻ സർക്കാർ.
തൊഴിലുറപ്പ് പദ്ധതിക്കും മാലിന്യ സംസ്കരണത്തിനും മറ്റു അടിസ്ഥാന സൗകര്യവികസനങ്ങൾക്കുമായി തുകകൾ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും തന്നെ ഈ സർക്കാരിന് നടപ്പാക്കാനാവില്ല എന്നതിനാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചരണ പ്രവർത്തനത്തിന്റെ ആരംഭമായി മാത്രമാണ് ഈ ബജറ്റിനെ കാണാൻ കഴിയൂ. എന്നിട്ടും ജനങ്ങളിൽ അത്ര ഇംപാക്ട് ഉണ്ടാക്കാനാവുന്ന പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ലാതെയാണ് ബജറ്റ് അവസാനിക്കുന്നതും. ഒരർത്ഥത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനങ്ങളുടെ അത്രപോലും ജനകീയമായ പ്രഖ്യാപനങ്ങൾ രണ്ടര മണിക്കൂറോളം പ്രസംഗിച്ചിട്ടും ബാലഗോപാലിന് മുന്നോട്ട് വzക്കാനായിട്ടില്ല. മുഖ്യമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്ന കേരളം ഈ ബpറ്റിൽ പ്രതീക്ഷ അർപ്പിക്കുമോ?.


















































