കൽപ്പറ്റ: മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്. സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണമെന്ന് കെ മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള രണ്ട് ദിവസത്തെ കെപിസിസി ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മുതിർന്ന നേതാക്കളിൽ പലരും ക്യാമ്പിൽ സംസാരിച്ചു.
അതേസമയം 2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു. ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതു പാർട്ടിക്കുള്ളിൽ പറയണമെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ശശി തരൂർ പറഞ്ഞു.
ലീഡേഴ്‌സ് മീറ്റിൽ കോൺഗ്രസ് അംഗവും രാഷ്ട്രീയ തന്ത്രജ്ഞനുമായ സുനിൽ കനഗോലു പങ്കെടുക്കുന്നുണ്ട്. ജയസാധ്യത സംബന്ധിച്ച പഠനം കനഗോലുവാണ് നടത്തുന്നത്. ഇൗ പഠനത്തിലെ വിവരങ്ങൾ കനഗോലു അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2026 രേഖ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റുകൾ നേടുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മൂന്ന് മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. തുടർന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. തെക്കൻ മേഖല പി സി വിഷ്ണുനാഥ്, മധ്യമേഖല എ പി അനിൽകുമാർ, വടക്കൻ മേഖല ഷാഫി പറമ്പിൽ എന്നിവരുടെ അധ്യക്ഷതയിലാണ് ചർച്ച നടക്കുന്നത്.














