ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന വാർത്തകൾ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടി എടുക്കേണ്ട തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാൻ നേതൃത്വത്തിന് അറിയാം. ഇതുസംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടായാൽ അറിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെസി വേണുഗോപാൽ പ്രതികരിച്ചു.
കൂടാതെ രാഹുൽ ഗാന്ധിയെ കണ്ടത് കെപിസിസി ആധ്യക്ഷനെ തീരുമാനിക്കാനാണെന്ന റിപ്പോർട്ടുകളും കെസി തള്ളി. രാഹുൽ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നതാണ്. അത് ഈ വിഷയം ചർച്ച ചെയ്യാനല്ല. മറ്റ് ഒരുപാട് വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ. പാർട്ടിക്ക് ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രിയങ്കാ ഗാന്ധി ഇടപെടുന്നുവെന്ന വാർത്തയെപ്പറ്റി ചോദിച്ചപ്പോൾ കെസി പൊട്ടിത്തെറിച്ചു. ‘എന്തൊരു അസംബന്ധമായ വാർത്തകളാണ് വരുന്നത്. പ്രിയങ്കാ ഗാന്ധി ഇടപെടുന്നു എന്നൊക്കെയാണ് വാർത്തകൾ. ഇന്നുവരെ പ്രിയങ്കാ ഗാന്ധി കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല. മാറ്റമുണ്ടെങ്കിൽ പറയും. ഞങ്ങൾ ആലോചിക്കാത്ത കാര്യങ്ങളെ കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഈ കാര്യത്തിന് വേണ്ടി മാത്രമല്ല നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. എടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനങ്ങളെടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാം’. കെസി വേണുഗോപാൽ പ്രതികരിച്ചു.
പക്ഷെ കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ. നേതൃമാറ്റത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പഹൽഗാം തീവ്രവാദികൾക്ക് പാക്കിസ്ഥാനിൽ സൈനിക പരിശീലനം? ഹാഷിം മൂസ പാക് മുൻ പാരാ-കമാൻഡോ