കട്ടപ്പന: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട്ടിൽ നടന്ന മോഷണത്തിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണം നടന്നത്. അടുത്തുള്ള സ്ഥാപനവും വീടും ഒരു കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തിയ മോഷ്ടാവ് മുകൾ നിലയിലെ വീട് അടങ്ങുന്ന ഭാഗത്ത് എത്തി താക്കോൽ ഉപയോഗിച്ച് വീട് തുറന്നശേഷം അഞ്ഞൂറിന്റെ നോട്ടുകളടങ്ങിയ പണം മോഷ്ടിക്കുകയായിരുന്നു. കൂടുതൽ പണം ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അഞ്ഞൂറിന്റെ കെട്ടുകൾ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. വീട്ടിൽനിന്ന് മറ്റു വസ്തുക്കൾ ഒന്നും മോഷണം പോയിട്ടില്ല.
14-ന് രാത്രി 8.30 ഓടെ ചെടിച്ചട്ടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷം വീട്ടുകാർ പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ പോയി. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ല. രണ്ടുദിവസം കഴിഞ്ഞ് 16-നാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പണം മോഷ്ടിച്ചത് പള്ളിപ്പെരുന്നാളിന് പോയ സമയത്താണെന്ന് മനസിലായത്. എടുത്ത താക്കോൽ അതേസ്ഥാനത്തു വച്ചതിനാലാണ് മോഷണം അറിയാതെ പോയത്.
അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനിൽ നിന്നും മോഷ്ടാവ് അകത്തുകയറിയത് മുഖം മറച്ചാണെന്നു മനസിലായത്. വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ ഗ്ലൗസ് ധരിച്ചിരുന്നു. കൂടാതെ ശരീരഭാഷ തിരിച്ചറിയാതിരിക്കുന്ന തരം വസ്ത്രങ്ങളും ധരിച്ചിരുന്നു. വീടും അടുത്തുള്ള സ്ഥാപനവും കൃത്യമായി അറിയാവുന്ന ആളുതന്നെയാണ് മോഷണം നടത്തിയതെന്നാണ് സൂചന. കട്ടപ്പന പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
















































