കാസർകോട്: മൂന്നാഴ്‌ച മുൻപ് കാസർകോട് പൈവളിഗയിൽ നിന്ന് കാണാതായ 15 കാരി പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ ഏറെ നിർണായകമായത് കർണാടകയിലെ ബന്ധുവിന് അയച്ചുകൊടുത്ത 50ലധികം ചിത്രങ്ങളാണ്. 15കാരിയെയും പ്രദേശവാസിയായ പ്രദീപിനെയും (42) ആണ് മണ്ടേക്കാപ്പിലെ ഗ്രൗണ്ടിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി പന്ത്രണ്ടിനാണ് പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ രാവിലെ മുതൽ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായ ദിവസം തന്നെ പ്രദേശവാസിയായ പ്രദീപിനെയും കാണാതായി. ഇതേദിവസമാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കർണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തത്. പല സ്ഥലങ്ങളിൽ വച്ച് പല സമയത്തായി എടുത്ത ചിത്രങ്ങളാണ് അയച്ചുനൽകിയത്. ഇതിലൂടെയാണ് ഇരുവരും ഒരുമിച്ചുണ്ടാകാമെന്ന സൂചന പോലീസിന് ലഭിച്ചത്. പിന്നാലെ കർണാടക പോലീസിനെ ബന്ധപ്പെട്ട് കർണാടകയിലും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കർണാടകയിലേക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പിച്ചതോടെയാണ് വീടിന്റെ പരിസരത്ത് അന്വേഷണം വ്യാപിപ്പിച്ചത്. തുടർന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം പരിസരത്തുനിന്ന് രണ്ട് ഫോണുകളും ഒരു കത്തിയും ഒരു ചോക്ളേറ്റും കണ്ടെടുത്തിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പ് കണ്ടുകിട്ടിയില്ലെന്ന് പോലീസ് അറിയിച്ചു. മാത്രമല്ല മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ദുർഗന്ധം ഒന്നും ഉണ്ടായിരുന്നില്ല. പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഇതിനുശേഷമേ വസ്ത്രത്തിലോ, മറ്റോ കുറിപ്പ് ഉണ്ടായിരുന്നോയെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.