കോന്നി: അനാഥത്വത്തിന്‍റെ കണ്ണീര്‍ക്കഥ പറഞ്ഞ് വീഴ്ത്ത് യുവാവ് കെട്ടിയത് നാല് യുവതികളെ. നാല് ഭാര്യമാരുള്ള യുവാവ് ഒടുവില്‍ പിടിയിലായത് ഭാര്യമാരുടെ ഫേസ്ബുക്ക് സൗഹൃദത്തില്‍. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് വിരുതന്‍റെ കള്ളക്കളി പൊളിഞ്ഞത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെ കോന്നി പോലീസാണ് വലയിലാക്കിയത്.
താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്‍റെ വേദന മാറുമെന്നുമുള്ള സങ്കടം യുവതികളോട് പറയുന്നതാണ് ദീപുവിന്‍റെ രീതി. അവരില്‍നിന്ന് കിട്ടുന്ന സഹതാപം മുതലാക്കി കല്യാണവും കഴിക്കും. ഇങ്ങനെ നാല് കെട്ടി. തുടര്‍ന്ന്, ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും. വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുന്‍പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി.
അടുത്തുതന്നെ കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട്, എറണാകുളത്തെത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാള്‍ അവരുമൊത്ത് കഴിയുന്നതിനിടെ ഫേസ്ക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ വലയിലാക്കി അര്‍ത്തുങ്കല്‍വെച്ച് കല്യാണവും കഴിച്ചു.
രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്‍റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫേസ്ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭര്‍ത്താവിന്‍റെ സ്ഥാനത്ത് തന്‍റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്‍റെ കള്ളക്കളികള്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം നടത്തിയതായും പോലീസിന് കണ്ടെത്തി. തുടര്‍ന്ന് തിങ്കളാഴ്ച ദീപുവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.