കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്. പ്രതി യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയതിന്റെയോ കേരളത്തിൽ രജിസ്ട്രേഷനെടുത്തതായോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതോടെ കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്‌റ്റഡിയിലെടുക്കുമെന്നാണു സൂചന.
എറണാകുളത്ത് മാത്രമല്ല, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി’ക്ക് ലൈസൻസില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും സ്ഥിരീകരിച്ചിരുന്നു.