കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നിമിഷയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടുതുടങ്ങിയത്. പിന്നാലെ ഉമ്മൻ ചാണ്ടിയും ഭാര്യവും മകനും ഗവർണറെ കണ്ട് നിമിഷയുടെ വധശിക്ഷ റദ്ദാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധമായ വിഷയത്തിൽ ഇടപെടണമെന്ന് തന്നോട് ആവശ്യപ്പെട്ടത് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ആണെന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. അദ്ദേഹം രംഗത്തിറങ്ങിയതോടെ അപ്രാപ്യമെന്ന് കരുതിയ നിമിഷപ്രിയയുടെ മോചനത്തിനുള്ള വഴിയാണ് തുറക്കപ്പെട്ടത്.
ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചതെന്നും യെമെനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ടുവന്നതെന്നും കാന്തപുരം പറഞ്ഞു. അതുപോലെ നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങളും അതിന്റെ നിലവിലെ സ്ഥിതിയും കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി അയച്ചുനൽകിയിട്ടുണ്ടെന്നും ഇനി നമുക്ക് പ്രാർഥിക്കാമെന്നും എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുമനുഷ്യൻ എന്ന നിലയ്ക്ക് എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയെന്നത് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഇന്ത്യൻ പൗരൻ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോൾ അതിൽ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുകയെന്നത് ദേശീയതാത്പര്യമാണെന്ന ബോധ്യത്തിൽനിന്നാണ് ഇടപെടലിന് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
”അവിടെ പ്രതിക്ക് പ്രായശ്ചിത്തം കൊടുത്ത് ഒഴിവാക്കാൻ കുടുംബങ്ങൾക്ക് അധികാരമുണ്ട്. ആ കുടുംബങ്ങളാരാണെന്ന് അറിയാത്ത ഞാൻ, വളരെ ദൂരെയുള്ള ഈ സ്ഥലത്തുനിന്ന് യെമെനിലെ ഉത്തരവാദപ്പെട്ട പണ്ഡിതന്മാരെ ബന്ധപ്പെടുകയും അവരോട് ഈ കാര്യങ്ങൾ മനസിലാക്കികൊടുക്കുകയും ചെയ്തു.
ഇസ്ലാം മനുഷ്യത്വത്തിന് വളരെ പ്രധാന്യം കൽപ്പിക്കുന്ന മതമാണ്. അവിടെ ജാതിയോ മതമോ വേർതിരിച്ചല്ല, മനുഷ്യൻ എന്നനിലയ്ക്ക് വളരെയധികം പ്രധാന്യം കൽപ്പിക്കുന്ന മതമാണ്. ഇത് അവിടെയുള്ള പണ്ഡിതന്മാരോട് പറയുമ്പോൾ അവർക്ക് പെട്ടെന്ന് മനസിലാകുന്നതും അവർ അംഗീകരിക്കുന്നതുമാണ്. അതുകൊണ്ട് നിങ്ങൾ ഈ വിഷയത്തിൽ ഇടപെട്ട് വല്ലതുംചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണമെന്ന് ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യെമെനിലുള്ള ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെല്ലാം ചേർന്ന് ഈ കാര്യത്തിൽ ആലോചിക്കുകയും അങ്ങനെ വേണ്ടത് ചെയ്യാമെന്ന് എന്നെ അറിയിക്കുകയുമാണ് ചെയ്തത്.
അതിനു ശേൽം ഇന്ന് ഔദ്യോഗികമായി തന്നെ നമുക്ക് കോടതിയുടെ അറിയിപ്പ് ലഭിച്ചു. തൽവിഷയത്തിൽ നിങ്ങളുടെ അഭിപ്രായം അനുസരിച്ച് ഞങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കാൻ സമയമെടുക്കാൻ സാധ്യതയുള്ളത് കൊണ്ട് നാളെ വധശിക്ഷയെന്ന നിയമംമാറ്റിയെന്നും അൽപദിവസം നീട്ടിവെച്ചുവെന്നുമുള്ള വിവരം അവർ ഔദ്യോഗികമായി അയച്ചുതരികയും ചെയ്തു. അതുകൊണ്ട് ഇനി നമുക്ക് പ്രാർഥിക്കാം. നിങ്ങൾ എല്ലാവരും പ്രാർഥിക്കാം. തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ അതൊന്നും നമ്മുടെ അധീനതയിൽപ്പെട്ടതല്ല.
വിദേശത്ത് കൊല്ലപ്പെട്ട അവരുടെ കുടുംബാംഗങ്ങൾക്കോ ഇവിടെയുള്ളവർക്കോ ബന്ധപ്പെടാൻ സാധിക്കാത്ത ഒരവസ്ഥയായതുകൊണ്ട് ഈ കുറ്റത്തിൽനിന്ന് പണം വാങ്ങി ഒഴിവാക്കണമെന്ന് ഞാൻ പറയുകയുണ്ടായി. പണം കൊടുക്കാനും മറ്റും ആരാണ് ഉണ്ടാവുക എന്ന് അന്വേഷിച്ചപ്പോൾ ചാണ്ടി ഉമ്മൻ എംഎൽഎ അതിന് തയ്യാറാണെന്നും അദ്ദേഹം മുഖേന പലരും കൊടുക്കാൻ തയ്യാറാണെന്നും അറിഞ്ഞു. ഇനി നിങ്ങളെല്ലാവരും പ്രാർഥിക്കുക. ഞങ്ങളും പ്രാർഥിക്കുന്നു. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെ. എന്തായാലും നാളത്തെ വധശിക്ഷ നീട്ടിവെച്ചു എന്നവിവരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്”, കാന്തപുരം പറഞ്ഞു.
അതുപോലെ ഇന്ത്യാ സർക്കാരിനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ശ്രമത്തിലാണെന്നും ഇതിന്റെ നിലയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. ദിയാധനം എത്രതുകയാണെന്ന് ചോദിക്കേണ്ട ആൾ ഞാനല്ല. ഒരുമനുഷ്യൻ എന്ന നിലയ്ക്കാണ് എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയെന്ന് മാത്രമേയുള്ളൂ. പൊതുവിഷയത്തിൽ ഞങ്ങൾ ജാതിയും മതവും ഒന്നും നോക്കാറില്ല. അവിടുത്തെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെയാണ് അറിയിച്ചത്. അവർ പറഞ്ഞാൽ സ്വീകരിക്കുന്ന രാജ്യമാണ്. അവർ ഇതുസംബന്ധിച്ച ചർച്ചകളും ആലോചനകളും നടത്തുന്നുണ്ടാകും”, അദ്ദേഹം കൂട്ടിച്ചേർത്തു.