തിരുവനന്തപുരം: സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ലെന്ന് അറിയിപ്പ്. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാത്തതെന്ന് ഇരുവരും സർക്കാരിനെ അറിയിച്ചു. ഇതോടെ വൈകിട്ടു നടക്കുന്ന പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. ഇതിനായി മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
അതേസമയം അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനായി സർക്കാർ ചെലവഴിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതി ദരിദ്രർക്കു സുരക്ഷിത വാസസ്ഥലം ഒരുക്കാൻ അനുവദിച്ച 52.80 കോടിയിൽനിന്നാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒക്‌ടോബർ 26ന് തദ്ദേശവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പരിപാടിക്കായി 1.5 കോടി വകമാറ്റിയതോടെ വാസസ്ഥലത്തിനുള്ള ഫണ്ട് 51.30 കോടിയായി കുറയും. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരം 25ന് ചേർന്ന സ്‌പെഷൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതിൽ തീരുമാനമായത്. രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ച പദ്ധതിയാണ് അതിദരിദ്ര മുക്ത പ്രഖ്യാപനം. ഭക്ഷണം, വീട്, സൗജന്യ ചികിത്സ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത 64006 കുടുംബങ്ങൾക്ക് കൂടി സൗകര്യങ്ങൾ ഉറപ്പാക്കിയെന്ന് പറഞ്ഞാണ് സർക്കാറിൻറെ പ്രഖ്യാപനം.
അതേസമയം ഇടത് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 4.5 ലക്ഷം പരമ ദരിദ്രർ എന്ന കണക്കിൽ എങ്ങിനെ മാറ്റം വന്നു എന്നാണ് പ്രതിപക്ഷ ചോദ്യം. സഭാ സമ്മേളനം വിളിച്ച മാനദണ്ഡത്തിൽ തുടങ്ങി പ്രഖ്യാപനത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ ഉദ്ദേശ ശുദ്ധി വരെ ചോദ്യം ചെയ്ത് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചിരുന്നു.
എന്നാൽ പറഞ്ഞത് ചെയ്യുന്നതാണ് സർക്കാർ രീതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ ശൈലി ശരിയല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷും വിമർശിച്ചു. സഭാ കവാടത്തിൽ കുത്തിയിരുന്ന പ്രതിപക്ഷം നിയമസഭക്ക് മുന്നിലേക്ക് പ്രതിഷേധവുമായെത്തി.

















































