ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോകഃ – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിൽ ഒരു സൂപ്പർ ഹീറോ യൂണിവേഴ്സിന് തുടക്കം കുറിക്കുന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. “ലോകഃ” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചാപ്റ്റർ ആണ് “ചന്ദ്ര”. മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്ന ടാഗ് വച്ച് ലോകഃ ക്രിയേറ്റ് ചെയ്യണം എന്നൊരു ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ നിറഞ്ഞ സൂപ്പർ ഹീറോ ചിത്രമാണ് ഇതെന്നും സംവിധായകൻ ഡൊമിനിക് അരുൺ ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ലോകഃയുടേത് എന്നും, ആദ്യ ഭാഗം കല്യാണിയുടെ കഥപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ യൂണിവേഴ്സിലെ മറ്റു ചാപ്റ്ററുകളും ഡെവലപ്പ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും സൂപ്പർഹീറോ വിഭാഗത്തിൽപ്പെടുന്ന മറ്റേത് സിനിമയുമായും ലോകഃയെ താരതമ്യപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകർക്ക് ലോകഃ കണക്ട് ആകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും തങ്ങൾ മനസ്സിൽ കണ്ട കഥക്ക് മികച്ച രീതിയിൽ ജീവൻ നൽകാനുള്ള ഒരു ഗംഭീര ടീമിനെയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ റിയാലിറ്റയോട് ചേർന്ന് നിന്നുകൊണ്ട് പുതുതായി ഒരു ഫിക്ഷണൽ ലോകം സൃഷ്ടിക്കാൻ ആണ് ഈ യൂണിവേഴ്സിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർക്കൊപ്പം ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്