കൊച്ചി: ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു കലാ രാജു രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കൂത്താട്ടുകുളം നഗരസഭയിലെത്തിയ കലാ രാജു പ്രതിപക്ഷ ബഹളത്തിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. അതേസമയം കൗണ്‍സിലര്‍ സ്ഥാനം രാജി വയ്ക്കില്ലെന്നും കലാ രാജു അറിയിച്ചു.
സംഘര്‍ഷത്തിന് ശേഷം ആദ്യമായി കൂത്താട്ടുകുളം നഗരസഭയിലെത്തിയ കലാ രാജു കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. ചെയര്‍പേഴ്‌സന്റെയും വൈസ് ചെയര്‍പേഴ്‌സന്റെയും രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. തന്റെ ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്നത് തന്നെ കയ്യേറ്റം ചെയ്തവരാണ്. അവര്‍ക്കെതിരേയുള്ള പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പറഞ്ഞ കലാ രാജു താനവരോടൊപ്പമുണ്ടെന്ന പ്രഖ്യാപനവും നടത്തി.
കഴിഞ്ഞ 18നാണ് നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിക്കുന്നത്. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലാവുകയും പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ ചെയ്തത്. പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന നിലപാടിന് സമ്മേളനത്തില്‍ അംഗീകാരം നല്‍കി.
കലയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിനും അംഗീകാരം നല്‍കി. കലാരാജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള തീരുമാനം ആ ഘട്ടത്തില്‍ അനിവാര്യമായിരുന്നുവെന്നും അതിനാല്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സമ്മേളനത്തില്‍ ഭൂരിപക്ഷാഭിപ്രായമുയര്‍ന്നു. മാത്രമല്ല തട്ടിക്കൊണ്ടുപോകലിനെ അഭിനന്ദിക്കുകയും ചെയ്തു.