തിരുവനന്തപുരം: പിവി അൻവറിന്റെ കോൺഗ്രസ് പ്രവേശന വിഷയത്തിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണ്. അയാൾക്കൊപ്പം ആളുകളുണ്ട്, അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നും കെ സുധാകരൻ പറഞ്ഞു.
അതുപോലെ അൻവർ ഭാവിയിൽ യുഡിഎഫിന് ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. കൂടാതെ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സതീശൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ലെന്നും കെ സുധാകരൻ പറഞ്ഞു. വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് കൂട്ടായി തീരുമാനിക്കണമെന്നും സുധാകരൻ പറഞ്ഞു. അതേപോലെ സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിനതെിരെ രൂക്ഷ വിമർശനവുമായാണ് പിവി അൻവർ രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും തന്റെ മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അൻവർ. ഇനി ആരുടേയും കാലു പിടിക്കാൻ താനില്ലെന്നും അൻവർ പറഞ്ഞിരുന്നു.