കണ്ണൂർ: ഈ അടുത്ത കാലം വരെ കെ സുധാകരന്റെ തലയുൾപ്പെടുത്താത്ത ഒരു സമര പോസ്റ്റുറുകളും കണ്ണൂരിലെ ഒരു ചുമരുകളിൽ നോക്കിയാലും കാണാനാകില്ലായിരുന്നു. എന്നാൽ ഇന്നതിന് മാറ്റം വന്നതിൽ അമർഷവുമായി സുധാകര പക്ഷം. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമര സംഗമവുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഉൾപ്പെടുത്താത്തത്. ഇതു സുധാകര അനുയായികളെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കി. ഈ മാസം പതിനാലിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘ജനദ്രോഹ സർക്കാരുകൾക്കെതിരെ സമര സംഗമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ എന്നു തുടങ്ങി ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളുടേയും ചിത്രങ്ങൾ ഉൾപെടുത്തിയിരുന്നു. പക്ഷെ കണ്ണൂർ ജില്ലയിൽ നടക്കുന്ന പരിപാടിയായിട്ടും സ്ഥലം എംപിയായിട്ടും സുധാകരനെ ഒഴിവാക്കിയതിനെതിരെ സുധാകരന്റെ അനുയായികൾ രംഗത്തെത്തിയതേ.
‘‘പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കൻ പറ്റും. കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല’’ എന്ന് സമൂഹമാധ്യമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ജയന്ത് ദിനേശ് കുറിപ്പിട്ടതോടെയാണ് സംഭവം കത്തി. ഇതോടെ ആദ്യമിറക്കിയ പോസ്റ്റർ മാറ്റി സുധാകരന്റെ വലിയ ഫോട്ടോ ചേർത്ത് പുതിയ പോസ്റ്റർ ഇറക്കുകയായിരുന്നു. സുധാകരൻ ചികിത്സയിലായതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നും പങ്കെടുക്കാത്തവരുടെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.