ആലപ്പുഴ: പാർലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തിൽ പരസ്യസംവാദത്തിനായുള്ള തന്റെ വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തതിൽ സന്തോഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നാലെയെങ്കിൽ നാളെ തന്നെ സംവാദത്തിന് താൻ തയ്യാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാൽ മതിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
‘മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് യുഡിഎഫിന്റെ പോരാട്ടം. മുഖ്യമന്ത്രി വിശദാംശവുമായി വരട്ടെ. മുഖ്യമന്ത്രിയുടെ എംപിമാർ പാർലമെന്റിൽ എന്ത് പറഞ്ഞു എന്നുകൂടി പറയണം’, കെ സി വേണുഗോപാൽ പ്രതികരിച്ചു.
അതേസമയം കേരളത്തിലെ വികസന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ യുഡിഎഫ് എംപിമാർ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്‌പോരിന് തുടക്കമിട്ടത്. മറുപടിയായി കെസി വേണുഗോപാൽ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചു. തുടർന്ന് ഇന്ന് പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തു. സംവാദത്തിന് തയ്യാറാണെന്നും സമയവും തീയതിയും അറിയിച്ചാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്.
പിഎം ശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് എം പി ഇടനിലക്കാരനായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജോൺ ബ്രിട്ടാസിനെ ന്യായീകരിക്കുകയും യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ പ്രവർത്തനത്തെ വിമർശിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരമായിട്ടായിരുന്നു കെ സി വേണുഗോപാലിന്റെ പരസ്യവെല്ലുവിളി.


















































