ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്രയ്ക്ക് ഭീകരവാദികളുമായി ബന്ധമില്ലെന്ന് പോലീസ്. അവർക്ക് സൈന്യത്തെക്കുറിച്ചോ സൈനിക പദ്ധതികളെ സംബന്ധിച്ചോ വിവരമില്ലായിരുന്നു. പക്ഷെ, പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയിലെ ചിലരുമായി സൗഹൃദമുണ്ടായിരുന്നെന്നും ഹിസാർ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
‘‘അവർക്ക് ഭീകരരുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നോ എന്നതിനും തെളിവില്ലയെന്നും എസ്പി പറഞ്ഞു. അതേസമയം ജ്യോതിയുടെ ഫോണും ലാപ്‍ടോപ്പും പോലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മേയ് 13ന് ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ ഹിസാർ പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇപ്പോഴും ജ്യോതിയെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. മേയ് 17നാണ് ജ്യോതി മൽഹോത്ര ഉൾപ്പെടെ 6 പേർ അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ 3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന യുട്യൂബ് ചാനൽ നടത്തുന്ന ജ്യോതി ഒന്നിലധികം തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയതിന് തെളിവുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
2023ലാണ് ജ്യോതി ആദ്യമായി പാക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഈ യാത്രയിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി സൗഹൃദത്തിലായി. ഡാനിഷ് വഴി പരിചയപ്പെട്ട പാക്ക് ചാരസംഘടനയിലെ അംഗങ്ങളോട് സമൂഹമാധ്യമങ്ങൾ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. അതേപോലെ ജ്യോതി പാക്കിസ്ഥാനു ശേഷം ബംഗ്ലാദേശ് സന്ദർശിക്കാനും പദ്ധതിയിട്ടിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനായുള്ള രേഖകൾ പോലീസ് നേരത്ത കണ്ടെത്തിയിരുന്നു.