കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്‌മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ വളരെയധികം മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. ജിസ്‌മോളെ പലതവണ ജിമ്മിയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. പീഡന വിവരങ്ങൾ കാണിച്ചു ജിസ്‌മോളുടെ പിതാവും സഹോദരനും ഏറ്റുമാനൂർ പോലീസിൽ മൊഴി നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. കൂടാതെ ജിസ്‌മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയമുണ്ട്.
അതേസമയം ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം ഇപ്പോൾ പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം എപ്പോഴാണെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്‌കാരം നടത്തേണ്ട എന്ന നിലപാടിലാണ് ജിസ്‌മോളുടെ കുടുംബം. എന്നാൽ, ക്‌നാനായ സഭ നിയമപ്രകാരം ഭർത്താവിന്റെ ഇടവകയിൽ തന്നെ സംസ്‌കാരം നടത്തണമെന്നാണ്. ഇതുസംബന്ധിച്ച് സഭാതലത്തിലും ചർച്ചകൾ തുടരുകയാണ്.
പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരമനുസരിച്ച് മൂന്നുപേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്‌മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ് മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ് മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി പോലീസിന്റെ പരിശോധനയിൽ സൂചന ലഭിച്ചിരുന്നു.
















































