കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആക്ഷേപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവും എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമായ ഡോ.ജിന്റോ ജോൺ. ഊളംപാറയിലും കുതിരവട്ടത്തും കുസുമഗിരിയിലും കൊണ്ടുപോയി ഷോക്കടിപ്പിച്ചാലും ഹെവി ഡോസ് മരുന്നു കൊടുത്താലും വട്ട് മാറാൻ ഇടയില്ലാത്ത വർഗീയ ഭ്രാന്തനായ വെള്ളാപ്പള്ളിയെ ചങ്ങലയഴിച്ച് വിട്ടിരിക്കുന്ന പിണറായി സർക്കാരാണ് ഈവക സാംസ്കാരിക മാലിന്യകൂമ്പാരത്തിന്റെ ഉത്തരവാദിയെന്ന് ജിന്റോ ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ മുതലിനെ എത്രയും വേഗം ക്വാറന്റൈൻ ചെയ്യണം. കേരളത്തിലെ നായാടി മുതൽ നസ്രാണി വരെയുള്ള മുഴുവനാളുകളും ഒന്നിച്ചു നിന്ന് ആ ചങ്ങല കുരുക്കണമെന്നും ജിന്റോ പറഞ്ഞു. ഗുരുദേവ ദർശനങ്ങളുടെ തെളിച്ചത്തിൽ ജീവിക്കുന്ന യഥാർത്ഥ ശ്രീനാരായണീയർ ഒരു കണ്ണാടി കൊണ്ടുപോയി ഈ വർഗ്ഗീയവാദിയുടെ മുന്നിൽ വച്ചു കൊടുത്താൽ കാലിക നവോത്ഥാനവുമാകുമെന്നും ജിന്റോ ജോണ്‍ പറഞ്ഞു.
വി ഡി സതീശൻ ഈഴവ വിരോധിയാണെന്നും അയാൾക്ക് വട്ടാണ്, ഊളമ്പാറയിൽ ചികിത്സക്ക് അയക്കണമെന്നുമാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്‍ലിം ലീഗിന്റെ നാവാണ് വി.ഡി സതീൻ. ലീഗിന്റെ വാക്കുകളാണ് സതീശനിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് സതീശൻ സ്വീകരിക്കുന്നത്. വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്ട്രീയമര്യാദ കാണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തമ്മിലടിപ്പിച്ചത് യു.ഡി.എഫ് ആണെന്നും എന്നാൽ ഇനി എൻ.എസ് എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻ.എസ്.എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.















































