രാവിലെ മുതൽ പണിയെടുത്ത് ക്ഷീണിച്ചിരിക്കുമ്പോൾ കമ്പനിവക സൗജന്യ മദ്യം മുമ്പിലെത്തും. ഇനി അടിച്ചത് കൂടിപ്പോയോ? അതിനുമുണ്ട് ഓപ്ഷൻ.. എങ്കിൽ രണ്ടോ മൂന്നോ മണിക്കൂർ ‘ഹാങ്ങോവർ ലീവ്’ എടുക്കൂ, എന്നിട്ട് തെളിഞ്ഞ മനസോടെ തിരിച്ചുവരൂ. ജപ്പാനിലെ ഒസാക്കയിലുള്ള ടെക് കമ്പനിയായ ട്രസ്റ്റ് റിങ്ങിന്റേതാണ് വ്യത്യസ്തമായ വാഗ്ദാനം.
സംഭവം വേറൊന്നുമല്ല, വലിയ കമ്പനിയൊന്നുമല്ല ട്രസ്റ്റ് റിങ്ങ്, മാത്രമല്ല കമ്പനിയിൽ ആവശ്യത്തിനു ശമ്പളമോ ആനുകൂല്യങ്ങളോ ഒന്നുമില്ല. ഇതോടെ ജോലിക്കാരുടെ കൊഴിഞ്ഞു പോക്ക് കൂടി. അതോടുകൂടി ടെക് മേഖലയിൽ മറ്റുള്ളവരുമായി കിടപിടിക്കാൻ എന്തെങ്കിലുമൊക്കെ ഉപായം വേണ്ടെ. അങ്ങനെ വന്നപ്പോൾ കമ്പനി എടുത്ത പതിനെട്ടാമത്തെ അടവാണ് ഈ പ്രലോഭനം. കമ്പനി ലാഭത്തിലുമാകും. വെള്ളമടിക്കാർ ലീവെടുത്ത് വേറെവിടെയും പോകാതെ കമ്പനിയിലിരുന്ന് തന്നെ പണിയെടുത്തോളും.
2,22,000 യെൻ (ഏകദേശം 1.27 ലക്ഷം രൂപ) ആണ് കമ്പനിയിലെ മിനിമം ശമ്പളം. താരതമ്യേന ഇത് കുറവായതിനാലാണ് പുത്തൻ ആശയവുമായി ഇവർ രംഗത്തെത്തിയത്. മറ്റുള്ള രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി തൊഴിലിടത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകളെ മാറ്റുന്ന രീതിയാണ് ജപ്പാൻ മിക്കപ്പോഴും പിന്തുടരുന്നത്. മിക്കയിടത്തും ജോലിസ്ഥലത്ത് ഉറങ്ങുന്നവരെ മടിയന്മാരായി കണക്കാക്കുമ്പോൾ ഉറങ്ങാനുള്ള സൗകര്യം ചെയ്തുകൊടുത്തുകൊണ്ട് ഏവരെയും അദ്‌ഭുതപ്പെടുത്താറുണ്ട് ഈ രാജ്യത്തെ ചില കമ്പനികൾ. അതിനാൽ തന്നെ ഇവരുടെ ഐഡിയകൾ ഉൾട്ടയായില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.