കണ്ണൂർ: അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ തുടരുന്നതിനിടെ പാർട്ടിയെ വെട്ടിലാക്കുന്ന പോസ്റ്റുമായി മുതിർന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജെയ്ൻ രാജ്. ‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട…സുധാമണി’ എന്നാണ് ജെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിക്ക് സംസ്ഥാന സർക്കാർ ആദരമർപ്പിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ആയിരുന്നു ആദരം.
കൂടാതെ മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി നൽകിയതെന്ന് പറഞ്ഞ് സജി ചെറിയാൻ അവരെ ആശ്ലേഷിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കി. അതിനിടെയാണ് പരിഹസിച്ച് ജെയ്ൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം അമൃതാനന്ദമയിയെ പോലുള്ള ആൾദൈവങ്ങളെ പൊക്കിപ്പിടിക്കുന്നതിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയുടെ പ്രവർത്തി തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന വിമർശനം ഉയരുന്നുണ്ട്. എംഎൽഎമാരായ സിആർ മഹേഷ്, ഉമ തോമസ് എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. പുരസ്‌കാരം മലയാളഭാഷയ്ക്ക് സമർപ്പിക്കുന്നുവെനന് മറുപടി പ്രസംഗത്തിൽ അമൃതാനന്ദമയി പറഞ്ഞു.