തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികളായ കൊടിസുനിക്കും, അണ്ണൻ സിജിത്തിനും വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായംനൽകി കൈക്കൂലിവാങ്ങിയ ജയിൽ ഡിഐജി എം.കെ. വിനോദ്കുമാറിനെ ഉടൻ സസ്പെൻഡുചെയ്യും. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ നടപടി. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലിവാങ്ങിയതിനും ഇയാളുടെപേരിൽ വിജിലൻസ് കേസെടുക്കും. കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയും ജയിൽ ഡിഐജിക്ക് ഗൂഗിൾപേവഴി കൈമാറിയത് കണ്ടെത്തിയിരുന്നു.
നേരിട്ടുവാങ്ങുന്നതിനുപകരം തടവുകാരുടെ ബന്ധുക്കളിൽനിന്നാണ് വിനോദ്കുമാർ പണംവാങ്ങിയിരുന്നത്. അണ്ണൻ സിജിത്തിന്റെ ബന്ധു ഉപയോഗിക്കുന്ന ഫോൺനമ്പറിൽനിന്ന് വിനോദ്കുമാറിന് പണം കൈമാറിയിട്ടുണ്ട്. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലും കൈക്കൂലിപ്പണം സ്വീകരിച്ചിരുന്നു. ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ പരിശോധിച്ചുവരുകയാണെന്ന് വിജിലൻസ് അറിയിച്ചു. എട്ട് തടവുകാരിൽനിന്ന് പണം കൈപ്പറ്റിയതിന് തെളിവുലഭിച്ചിട്ടുണ്ട്.
ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയാണുള്ളത്. ഇത് അനധികൃതമായി സമ്പാദിച്ചതാണോയെന്ന പരിശോധന നടക്കുകയാണ്. ജയിൽവകുപ്പിൽ സിപിഎമ്മിനോട് മമതയില്ലാത്ത ഉദ്യോഗസ്ഥർക്കുനേരേ പകപോക്കലിന് പാർട്ടി നിയോഗിച്ചതും വിനോദ്കുമാറിനെയായിരുന്നു. കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തിനും ബിനീഷിനും ജയിലിൽ സൗകര്യങ്ങളൊരുക്കിയതും വിവാദത്തിനിടയാക്കി. കൂടുതൽസമയവും വടക്കൻമേഖലയിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. വിരമിക്കാൻ നാലുമാസമുള്ളപ്പോഴാണ് വിജിലൻസ് കേസിൽ പിടിക്കപ്പെടുന്നത്.



















































