കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയ്ക്ക് ഏറ്റവും അനുകൂലമായി നിലപാടെടുത്ത പി ടി തോമസ് എംഎൽഎയും സംവിധായകൻ ബാലചന്ദ്രകുമാറും കേസിന്റെ അന്തിമവിധി കേൾക്കാനില്ല. കുറ്റകൃത്യത്തിന് ഇരയായ നടി അന്നു രാത്രി സഹായം ചോദിച്ചെത്തിയതു നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ്. ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ മീഡിയയിൽ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനുവേണ്ടി തൃശൂരിൽനിന്ന് എറണാകുളത്തേക്കു വരും വഴിയാണു നടിക്കു ദുരനുഭവമുണ്ടായത്.
നടി സംഭവങ്ങൾ വിവരിച്ചപ്പോൾ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാൽ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. അതിനു തൊട്ടുമുൻപുള്ള ദിവസം സിനിമാ സംഘടനകൾ നടത്തിയ പൊതുപരിപാടിയിലേക്ക് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ ക്ഷണിച്ചുകൊണ്ടുവന്നത് ആന്റോ ജോസഫായിരുന്നു. അതിന്റെ ഓർമയിലാണ് ഇത്തരമൊരു കേസുണ്ടായപ്പോൾ എന്തു നടപടിയെടുക്കണമെന്നറിയാൻ ആന്റോ ജോസഫിനെ വിളിച്ചത്. ലാലിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങുംവഴി ആന്റോ താമസിക്കുന്ന പാർപ്പിട കോളനിയിൽതന്നെ താമസിക്കുന്ന പി.ടി. തോമസ് എംഎൽഎയെ വിവരം അറിയിക്കാൻ ആന്റോ ജോസഫിനു തോന്നിയതാണ് ഈ കേസിലെ നിർണായക നിമിഷം. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പി.ടി. തോമസ് നേരിട്ട് അതിജീവിതയെക്കണ്ടു വിവരം തിരക്കാൻ തീരുമാനിച്ച് ആന്റോയുടെയൊപ്പം ലാലിന്റെ വീട്ടിലെത്തി.
അതിജീവിതയോടു വിവരം ചോദിച്ചറിഞ്ഞ പി.ടി. തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു വിവരമറിയിച്ചു. ഉടൻ ഒരു മുതിർന്ന വനിത പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പി.ടി. തോമസ് ഇടപെട്ടതോടെ കേസിന്റെ ഗതിതന്നെ മാറി. അതിനിടെ സിനിമ മേഖലയിലെ ചിലർ നടിയെ വിളിച്ചും നേരിൽ കണ്ടും കേസ് റിപ്പോർട്ട് ചെയ്യിക്കാതിരിക്കാനുള്ള ശ്രമം നടത്തിയപ്പോൾ പി.ടി. തോമസ് പൊട്ടിത്തെറിച്ചു. ‘‘ഞാൻ ജീവനോടെയുള്ളതു വരെ മോൾക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം. രാത്രി ഒൻപതരയോടെയാണ് എറണാകുളം നഗരത്തിൽ മോളെപ്പോലെ ഒരാൾക്കെതിരെ ഇതുണ്ടായത്. അപ്പോൾ നമ്മുടെ സാധാരണ പെൺകുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റംവരെ പോകാനും ഞാൻ ഒപ്പമുണ്ടാവും’’– പി.ടി പറഞ്ഞു. സാക്ഷിവിസ്താരത്തിൽ പ്രതിഭാഗത്തിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങൾക്കു മുൻപിൽ പതറാതെനിന്ന പി.ടിയുടെ മൊഴികളായിരുന്നു പ്രോസിക്യൂഷൻ കേസിന്റെ ബലം.


















































