ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്. ഇപ്പോൾ ടീമിനുണ്ടായത് വലിയ തോൽവിയല്ലെന്നും വെറും 50 റൺസിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും സിഎസ്കെ നായകൻ പറയുന്നു. ‘ചെപ്പോക്കിൽ 170ന് മുകളിൽ റൺസ് നേടിയാൽ ജയിക്കുക ബുദ്ധിമുട്ടാണ്. അതിന് കഠിനമായി അദ്ധ്വാനിക്കണം. നേരത്തെ ഫീൽഡിങ്ങിലെ മോശം പ്രകടനം തോൽവിക്ക് കാരണമായി.
മാത്രമല്ല ചെന്നൈ നന്നായി ബാറ്റ് ചെയ്തതുമില്ല. ആദ്യ അഞ്ച് ഓവറിൽ ഔട്ട്ഫീൽഡിന് വേഗത കുറവായിരുന്നു. എന്തായാലും വലിയൊരു തോൽവി ഉണ്ടായില്ലെന്നതിൽ സന്തോഷമുണ്ട്. 50 റൺസിന് മാത്രമാണ് ചെന്നൈ പരാജയപ്പെട്ടത്.’ റുതുരാജ് ഗെയ്ക്ക്‌വാദ് മത്സരശേഷം പ്രതികരിച്ചു. കൂടാതെ ചെന്നൈ താരങ്ങൾ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് മത്സരത്തിൽ നിർണായകമായെന്നും റുതുരാജ് പറഞ്ഞു. ‘നഷ്ടമാക്കിയ ക്യാച്ചുകൾക്ക് ശേഷം നിരവധി ബൗണ്ടറികളും സിക്സറുകളുമാണ് പിറന്നത്. അത് അവസാന ഓവർവരെ ആർസിബി സ്കോർ ഉയരുന്നതിന് കാരണമായി.
അടുത്ത മത്സരം ഗുവാഹത്തിയിലാണ്. സിഎസ്കെ അതിനായി മാനസികമായി തയ്യാറെടുക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മോശം ദിവസമായിരുന്നു. എന്നാൽ ഫീൽഡിങ്ങിൽ മോശം ദിവസമല്ല, മറിച്ച് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാനുണ്ട്. ഓരോ താരങ്ങളുടെയും സംഭാവന ചെന്നൈയ്ക്ക് വ്യക്തമായിട്ടുണ്ട്.’ ആർസിബിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും റുതുരാജ് ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് 146 റൺസിലെത്താനെ സാധിച്ചുള്ളു.