ജറുസലേം: ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ മരണം 200 കവിഞ്ഞു. ജനുവരി 19-ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.ബന്ദികളെ മോചിപ്പിക്കാനുള്ള നിര്‍ദേശം അവഗണിച്ചതും വെടിനിര്‍ത്തല്‍ നീട്ടാനുള്ള അമേരിക്കയുടെ നിര്‍ദേശം ഹമാസ് നിരസിച്ചതുമാണ് വ്യോമാക്രമണം പുനരാരംഭിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇന്ന് പുലർച്ചയോടെയാണ് ഇസ്രായേല്‍ സൈന്യം ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 200 ൽ അധികംപേർ കൊല്ലപ്പെടും നിരവധിപേർക് പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റി, മധ്യ ഗാസയിലെ ദെയ്ര്‍ അല്‍-ബലായ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് വ്യോമാക്രമണം അരങ്ങേറിയത്. വടക്കന്‍ ഗാസ, ഗാസ സിറ്റി, മധ്യ ഗാസ, തെക്കന്‍ ഗാസ മുനമ്പിലെ ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റാഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോർട്ട്. എന്നാൽ ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. രാഷ്ട്രീയ തീരുമാനപ്രകാരം ഗാസ മുനമ്പിലെ ഹമാസ് ഭീകര കേന്ദ്രങ്ങളില്‍ നിലവില്‍ വിപുലമായ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാനും ഇസ്രായേല്‍ ഉത്തരവിട്ടിട്ടുണ്ട്.