ബെയ്റൂത്ത് : ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബർഅശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ശബ്ആ ഫാംസ് പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ലെബനീസ് ബ്രിഗേഡ്സ് സംഘടനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. ബർഅശീത് ഗ്രാമത്തിൽ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുല്ല അംഗത്തെയും സൈന്യം കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ വ്യക്തമാക്കി .
ഇസ്രയേലും ലെബനോനും തമ്മിലുള്ള ധാരണകളുടെ ലംഘനമായി പ്രദേശത്ത് ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്ന ഹിസ്ബുല്ല അംഗമാണ് കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു.
ഐൻ അറ്റയെയും ശബ്ആ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡിൽ ഇസ്രയേൽ ഡ്രോൺ കാർ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ രണ്ട് സഹോദരന്മാർ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ ഗവർണറേറ്റുകളെ കിഴക്കുള്ള ബെക്കാ താഴ വരയുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ശബ്ആ ഗ്രാമവാസികളായ രണ്ട് സഹോദരന്മാരാണ് കൊല്ലപ്പെട്ടത്.
തെക്കൻ ലെബനോനിൽ ഇസ്രായിൽ കൂടുതൽ ആക്രമണങ്ങൾ നടത്തി. ബിൻത് ജബെയിൽ ഗ്രാമത്തിലെ ആശുപത്രിക്ക് സമീപം കാറിനു നേരെ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ഏകദേശം ഒരു വർഷത്തിന് ശേഷം ലെബനോനിലെ ഇസ്രയേൽ ആക്രമണങ്ങൾ കൂടിവരുകയാണ്
കെട്ടിടങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം നിർത്താൻ ഇസ്രയേലുമായി ചർച്ചകൾക്ക് ലെബനോൻ തുടർച്ചയായി സന്നദ്ധത അറിയിക്കുന്നുണ്ട്. സൈനിക ശേഷി ശക്തിപ്പെടുത്താൻ ഹിസ്ബല്ല ഈ കെട്ടിടങ്ങളെ അടിസ്ഥാന സൗകര്യങ്ങളായി ഉപയോഗിക്കുന്നതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഇസ്രയേലിന്റെ നടപടിയെ ലെബനീസ് നേതാക്കളും ഐക്യരാഷ്ട്രസഭയും അപലപിച്ചു.
തെക്കൻ ലെബനോനിൽ അടുത്തിടെയുണ്ടായ ഇസ്രായിലി വ്യോമാക്രമണങ്ങളെ യൂറോപ്യൻ യൂണിയൻ അപലപിക്കുകയും ഹിസ്ബുല്ലയുമായി 2024 നവംബറിൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1701-ാം യു.എൻ പ്രമേയവും ഒരു വർഷം മുമ്പ് ഒപ്പുവെച്ച വെടിനിർത്തൽ കരാറും ലംഘിക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കാണമെന്ന് ഇസ്രായിലിനോട് യൂറോപ്യൻ യൂണിയൻ വിദേശകാര്യ വക്താവ് അൻവർ അൽഅനൂനി ആവശ്യപ്പെട്ടു.
ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ ഒരു കൊല്ലം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച വെടിനിർത്തൽ നിലവിൽവന്ന് ഒരു വർഷത്തോട് അടുക്കുമ്പോൾ, ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ശേഷികൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ഹിസ്ബുല്ല പ്രവർത്തകരെയും ലക്ഷ്യമിടുന്നതായി അവകാശപ്പെട്ട് ഇസ്രായിൽ വ്യോമാക്രമണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ലെബനോനിലെ അഞ്ച് അതിർത്തി പോയിന്റുകളിൽ ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ നിലനിർത്തുന്നുണ്ട്. സൈന്യത്തെ പിൻവലിക്കണമെന്ന് ലെബനോൻ ആവശ്യപ്പെട്ടു.
ലെബനോനെ ഇസ്രയേലുമായുള്ള രാഷ്ട്രീയ ചർച്ചകളിലേക്ക് ആകർഷിക്കാൻ ഹിസ്ബുല്ല അനുവദിക്കില്ലെന്ന് വ്യാഴാഴ്ച ലെബനീസ് നേതാക്കളെയും ലെബനീസ് ജനതയെയും അഭിസംബോധന ചെയ്തുള്ള സന്ദേശത്തിൽ പ്രഖ്യാപിച്ചു. ഇസ്രായേൽ ആക്രമണം തടയാനുള്ള ഏക പ്രായോഗിക മാർഗം ചർച്ചയാണെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ ചൂണ്ടികാട്ടി.
വെടിനിർത്തൽ നിലവിൽവന്നതു മുതൽ, ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെയുള്ള ഒത്തുതീർപ്പ് ശ്രമങ്ങൾ നിരാകരിക്കാൻ ഇസ്രയേൽ മുഴുവൻ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്കുള്ള നിർദേശത്തോട് ഇസ്രയേൽ പോസിറ്റീവായോ നെഗറ്റീവായോ പ്രതികരിച്ചിട്ടില്ലെന്ന് ഒരു ഔദ്യോഗിക ലെബനീസ് സ്രോതസ്സ് പറഞ്ഞു. ഓഗസ്റ്റ് 5 ന്, ലെബനീസ് സർക്കാർ ഹിസ്ബുല്ലയെ നിരായുധീകരിക്കാൻ തീരുമാനിച്ചു. ഇതിനായി ലെബനീസ് സൈന്യം അഞ്ച് ഘട്ടങ്ങളുള്ള പദ്ധതി വികസിപ്പിച്ചു. എന്നാൽ സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആയുധങ്ങൾ കൈമാറാൻ ഹിസ്ബുല്ല വിസമ്മതിച്ചു.















































