ജറുസലം: സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡിനെ ഇസ്രയേൽ അംഗീകരിച്ചു. 1991ൽ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വർഷത്തിനു ശേഷമാണ് ഏതെങ്കിലും ഒരു രാജ്യം അംഗീകാരം നൽകുന്നത്.
സൊമാലിലാൻഡുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ സൊമാലിയയും ആഫ്രിക്കൻ യൂണിയനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സൊമാലിലാൻഡ് സൊമാലിയയുടെ അവിഭാജ്യഭാഗമാണെന്നും ഇസ്രയേൽ നീക്കം നിയമവിരുദ്ധമാണെന്നും സൊമാലിയ ആരോപിച്ചു. സൊമാലിയ വിദേശകാര്യ മന്ത്രി അബ്ദിസലാം അബ്ദി അലി ഈജിപ്ത്, തുർക്കി, ജിബൂട്ടി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി.
മേഖലയിലെ രാജ്യങ്ങളുമായി ഇസ്രയേൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നതു ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥനായി 2020–ൽ നിലവിൽ വന്ന ഏബ്രഹാം ഉടമ്പടിയുടെ ഉള്ളടക്കത്തോടു ചേർന്നു പോകുന്ന നീക്കമാണിതെന്ന് നെതന്യാഹു പറഞ്ഞു.



















































