ജെറുസലേം: ട്രംപിന്റെ നിർദേശങ്ങൾ ഹമാസ് ഭാഗികമായി അംഗീകരിച്ചതിനു പിന്നാലെ ആക്രമണം നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം ട്രംപിന്റെ 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറാമെന്നുമാണ് ഹമാസ് അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ആക്രമണം നിർത്താൻ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ട്രംപ് നിർദേശം നൽകി മണിക്കൂറുകൾക്കകം തന്നെ ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാൻ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
തുടർന്നു ഗാസയിലെ സൈനിക നടപടികൾ കുറയ്ക്കാനായി സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോർട്ട്‌ചെയ്തു. ഇതിനിടെയാണ് ഗാസയിൽ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.