ടെഹ്‌റാൻ/ടെൽ അവീവ്: ഇസ്രയേൽ സൈനിക ആക്രമണങ്ങൾക്ക് പുറമേ ഇറാന് നേരേ ഇസ്രയേലിന്റെ വക സൈബർ ആക്രമണവും. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിനുനേരേയും സർക്കാർ ബാങ്കുകൾക്കു നേരെയുമുൾപെടെ ഇസ്രയേലി ഹാക്കർമാരുടെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ഹാക്കർമാർ മറ്റുചില ദൃശ്യങ്ങളും സന്ദേശങ്ങളും പ്രദർശിപ്പിച്ചെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു.
വാർത്താ പ്രക്ഷേപണത്തിനിടെ ഇറാനിൽ സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് ഔദ്യോഗിക ടിവി ചാനലിൽ ഏതാനും നിമിഷത്തേക്ക് പ്രത്യക്ഷപ്പെട്ടത്. 2022-ൽ മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ അരങ്ങേറിയ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളായിരുന്നു ഇത്. പിന്നാലെ ഇറാനിലെ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തുള്ള സന്ദേശവും ടെലിവിഷൻ സ്‌ക്രീനിൽ എഴുതി കാണിച്ചു. ഇറാൻ ചാനലിൽ ഇസ്രയേലി ഹാക്കർമാർ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ ഇസ്രയേലിന്റെ യുഎൻ വക്താവ് ജൊനാഥൻ ഹാറൂണോഫ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ചാനലിന് നേരേയും ഇസ്രയേൽ ഹാക്കർമാരുടെ ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക ടിവി ചാനൽ സ്ഥിരീകരിച്ചു. സയണിസ്റ്റ് ശത്രുക്കളുടെ സൈബർ ആക്രമണം കാരണം സാറ്റലൈറ്റ് സംപ്രേഷണം തടസപ്പെട്ടതായി ഇറാനിയൻ ടിവി ചാനൽ അധികൃതർ വ്യക്തമാക്കി.
അതേസമയം ഇസ്രയേൽ ബന്ധമുള്ള ഇറാൻവിരുദ്ധ ഹാക്കിങ് സംഘം ഇറാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിന് നേരേയും സൈബർ ആക്രമണം നടത്തി. ‘സെഫാ ബാങ്കി’ന് നേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ‘പ്രഡേട്ടറി സ്പാരോ’ എന്ന ഹാക്കിങ് സംഘമാണ് സംഭവത്തിന് പിന്നിലെന്നും ഇവർ ബാങ്കിന്റെ ഡാറ്റകൾ നശിപ്പിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ ബാങ്കിന്റെ വെബ്‌സൈറ്റ് കഴിഞ്ഞദിവസം നിശ്ചലമായെന്നും എന്നാൽ ഇതേക്കുറിച്ച് പ്രതികരണം തേടിയിട്ടും ബാങ്ക് അധികൃതരിൽനിന്ന് മറുപടി ലഭിച്ചില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ ഇറാനിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ‘നോബിടെക്‌സി’ന് നേരേയും ഇസ്രയേലി ഹാക്കർമാരുടെ സൈബർ ആക്രമണമുണ്ടായി. നോബിടെക്‌സ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽനിന്ന് 90 മില്യൺ ഡോളർ വരുന്ന തുക തങ്ങൾ കവർന്നതായി ഇസ്രയേലി ബന്ധമുള്ള ഹാക്കർമാർ അവകാശപ്പെട്ടു. എന്നാൽ, ഹാക്കർമാർ കൈക്കലാക്കിയ ക്രിപ്‌റ്റോ വിവിധ ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റി അവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന് ഇറാനിലെ സൈബർസുരക്ഷാ വിദഗ്ധരും അവകാശപ്പെട്ടു. അതേസമയം, ഇസ്രയേലിന്റെ സൈബർ ആക്രമണം രൂക്ഷമായതോടെ ഇറാനിൽ ഇന്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തിയതായും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.

















































