കേരളത്തിലെ 2025-ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബർ 9-ഉം 11-ഉം നടക്കാനിരിക്കെ, കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് അനുകൂലമായ നിരവധി ഘടകങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2020 ൽ 941 ഗ്രാമപഞ്ചായത്തുകളിൽ 514, 6 കോർപ്പറേഷനുകളിൽ 5 എന്നിങ്ങനെ LDF വൻ വിജയം നേടിയിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യം UDF-ന് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.
യുഡിഎഫിന് മേൽക്കൈ നൽകുന്ന ആ ഘടകങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.
ഒന്നാമതായി LDF സർക്കാരിനെതിരെയുള്ള ശക്തമായ ആന്റി-ഇൻകംബൻസി തരംഗം തന്നെയാണ്. കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന LDF സർക്കാർ 2021-ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ UDF 20-ൽ 18 സീറ്റുകളും നേടി LDF-നെ ഒറ്റ സീറ്റിലൊതുക്കി. ഇത് സംസ്ഥാനത്ത് ശക്തമായ ആന്റി-ഇൻകംബൻസി ഉണ്ടെന്നതിന്റെ തെളിവാണ്. സാമ്പത്തിക പ്രതിസന്ധി, ക്ഷേമ പെൻഷൻ കാലതാമസം, നിരവധി അഴിമതി ആരോപണങ്ങൾ എന്നിവ ജനങ്ങളിൽ LDF-നോടുള്ള അതൃപ്തി വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ, K M R L മാസപ്പടി കേസ്, കിഫ്ബി മസാലബോണ്ട്, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്ര തുടങ്ങിയവ ഇപ്പോഴും ജനങ്ങളുടെ ചർച്ചകളിൽ നിറയുന്നുണ്ട്. Life Mission പദ്ധതിയിലെ ക്രമക്കേടുകൾ, SilverLine പദ്ധതിക്കെതിരായ പ്രതിഷേധം തുടങ്ങിയവയും ജനങ്ങളുടെ ഓർമയിൽ നിന്നും മായാറായിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് “സെമി-ഫൈനൽ” ആയി കണക്കാക്കപ്പെടുന്നതിനാൽ, ഈ അതൃപ്തി UDF-ന് വോട്ടായി മാറാൻ സാധ്യതയേറെയാണ്. 2025-ലെ നിലമ്പൂർ, പാലക്കാട് ബൈ-ഇലക്ഷനുകളിലും UDF മികച്ച പ്രകടനം കാഴ്ചവെച്ചത് ഇതിന് ഉദാഹരണമാണ്. കൂടാതെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ UDF-ന്റെ വമ്പൻ വിജയം ഇപ്പോഴും യുഡിഎഫ് ക്യാമ്പിലെ വലിയ ആത്മവിശ്വാസം തന്നെയാണ്.
2024-ൽ UDF 18 സീറ്റുകൾ നേടിയത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റം തന്നെയാണ്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കും പിന്നീട് ബൈ ഇലക്ഷനിൽ പ്രിയങ്ക ഗാന്ധിക്കും ലഭിച്ച റെക്കോർഡ് മാർജിൻ ആ ആത്മവിശ്വാസം കൂട്ടുന്നതുമാണ്. ഇത് UDF-ന്റെ സംഘടനാ ശേഷിയും ജനപ്രീതിയും തെളിയിക്കുന്നു.
തദ്ദേശതലത്തിൽ ഈ മൊമെന്റം നിലനിർത്താൻ UDF-ന് കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2020 തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബൈപോളുകളിൽ UDF പല LDF പഞ്ചായത്തുകളും പിടിച്ചെടുത്തത് നമ്മുടെ മുന്നിലുണ്ട്. അതും ഈ തരംഗത്തിന്റെ തുടർച്ചയായി കാണാവുന്നതാണ്. കൂടാതെ പി വി അൻവറിനെപോലുള്ളവർ എൽഡിഎഫിൽ നിന്നും കടുത്ത വിമർശനമുന്നയിച്ച് പുറത്തു വരികയും യുഡിഎഫുമായി സഹകരിക്കുകയും ചെയ്യുന്നത് യുഡിഎഫിന് ഗുണം ചെയ്യുകയും ചെയ്യും.
ഇതിനു പുറമേ UDF-ന്റെ മികച്ച തെരഞ്ഞെടുപ്പ് തയ്യാറെടുപ്പും സ്ഥാനാർഥി പ്രഖ്യാപനവും ഇത്തവണ ശ്രദ്ധേയമായിരുന്നു. UDF സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചത് പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ മുന്നിലെത്താൻ അവരെ സഹായിച്ചിട്ടുണ്ട്. LDF-യിൽ സ്ഥാനാർഥി നിർണയത്തിൽ ചിലയിടത്ത് കലാപവും വൈകലും ഉണ്ടായിട്ടുള്ളതും യുഡിഎഫിന് ഗുണകരമാണ്. Congress, IUML, Kerala Congress ഗ്രൂപ്പുകൾ തമ്മിലുള്ള സീറ്റ് വിഭജനം സുഗമമായി നടന്നു. യുവത്വമുള്ള സ്ഥാനാർഥികളെ ഇറക്കി UDF യുവാക്കളെ ആകർഷിക്കുന്നതിനും യുഡിഎഫിനായിട്ടുണ്ട്. LDF-യിൽ പലയിടത്തും പഴയ മുഖങ്ങൾ ആവർത്തിക്കുന്നത് ജനങ്ങൾക്ക് മടുപ്പുണ്ടാക്കുന്നു എന്ന അഭിപ്രായം നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
ഇതിനൊക്കെ പുറമേ മത- ജാതി സമവാക്യങ്ങളിലെ UDF-ന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ നിർണായകമാവുകയാണ്. കേരളത്തിൽ ക്രിസ്ത്യൻ- മുസ്ലീം- ഹിന്ദു നായർ വിഭാഗങ്ങളിൽ UDF-ന് പരമ്പരാഗത പിന്തുണയുണ്ട്. അതുപോലെ IUML-ന്റെ മുസ്ലീം ഏരിയകളിലെ ശക്തി, Kerala Congress-ന്റെ കൃസ്ത്യൻ ബെൽറ്റ് പിന്തുണ എന്നിവ UDF-ന് അനുകൂലമാണ്.
2024-മുതൽ BJP ക്രിസ്ത്യൻ വോട്ടുകൾ ചോർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി വിജയിച്ചിട്ടില്ല. ഈഴവ വിഭാഗത്തിൽ SNDP പിന്തുണ BJP-യ്ക്ക് ഉണ്ടെങ്കിലും, പലയിടത്തും എൽഡിഎഫ് വിരുദ്ധ വോട്ടുകൾ UDF-ലേക്ക് പോകുന്ന രീതിയാണ് കേരളത്തിൽ കണ്ടു വരുന്നത്. ഇതും യുഡിഎഫിന് അനുകൂല ഘടകം തന്നെയാണ്.
അടുത്തതായി പറയാൻ പോകുന്നത് ഒരുപക്ഷെ പലർക്കും അത്രകണ്ട് ദഹിക്കണമെന്നില്ല. BJP-യുടെ വളർച്ച UDF-ന് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ പറയുന്നത്. BJP-യുടെ vote share 2020-ൽ 15% ആയിരുന്നു, ഇപ്പോൾ 20% കടന്നേക്കാം. പക്ഷേ ഇത് കൂടുതലും LDF വോട്ടുകൾ ചോർത്തിയാണെന്നാണ് പറയപ്പെടുന്നത്. അതായത് എൽഡിഎഫ് വോട്ട് ബാങ്കായ ഈഴവ-ഹിന്ദു പിന്നോക്ക വോട്ടുകൾ, BJP ത്രികോണ മത്സരം സൃഷ്ടിക്കുന്ന പലയിടത്തും ഇത്തവണ UDF നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട് ഏരിയകളിൽ BJP ശക്തമായാൽ LDF ദുർബലമാകും.
അടുത്തതായി യുഡിഎഫിന് അനുകൂലമായ മറ്റൊരു കാര്യം പ്രാദേശിക വിഷയങ്ങളും ക്ഷേമ പ്രശ്നങ്ങളുമാണ്. LDF-ന്റെ ക്ഷേമ പദ്ധതികൾ ഉണ്ടെങ്കിലും അവ നടപ്പാക്കുന്നതിലെ പിഴവുകൾ, ഉദാഹരണമായി പെൻഷൻ വൈകുന്നത് പോലുള്ളവ ശക്തമായ ജനരോഷമുണ്ടാക്കിയിട്ടുണ്ട്. തദ്ദേശതലത്തിൽ റോഡുകൾ, കുടിവെള്ളം, മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ പരാതികൾ ഭരണത്തിലുള്ള എൽഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് കൂടുതൽ സാധ്യത. ഇതിനൊപ്പം എക്കാലത്തും യുഡിഎഫിന് മേൽക്കൈയുള്ള നഗരമേഖലകളിൽ ഇത്തവണയും മികച്ച വിജയം നേടാൻ യുഡിഎഫിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും.
ചുരുക്കത്തിൽ, ആന്റി- ഇൻകംബൻസി ലോക്സഭാ മൊമന്റം, മികച്ച പ്രിപറേഷൻ, ജാതി-മത സമവാക്യങ്ങൾ, BJP ഫാക്ടർ എന്നിവ ചേർന്ന് 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ UDF-നും കോൺഗ്രസിനും ശക്തമായ അനുകൂല സാഹചര്യമാണ്. ഇത് 2026 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ശക്തമായ അടിത്തറ ആക്തിമാറ്റാനും അവർക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


















































