ദുബായ്: പറഞ്ഞ ക്ഷമ പിൻവലിച്ച് ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണം തുടർന്ന് ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം ഓടുന്ന വാഹനത്തിൽ പതിച്ചാണ് പാക്കിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി.
ഇതിനിടെ കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. രാജ്യത്തിന്റെ വ്യോമപരിധിയിൽ കടന്ന 15 ഡ്രോണുകൾ തകർത്തു. ഇതിൽ ആറു ഡ്രോണുകൾ തലസ്ഥാനമായ റിയാദിന്റെ കിഴക്കൻ ഭാഗത്ത് തടഞ്ഞുവെന്ന് സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ഞായറാഴ്ച പുതിയ ആക്രമണങ്ങൾ സ്ഥിരീകരിച്ചത്. ഖത്തറിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചതനുസരിച്ച് ഇറാനിൽ നിന്ന് ശനിയാഴ്ച രാജ്യത്തേക്ക് ലക്ഷ്യമിട്ട് 10 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂസ് മിസൈലുകളും വിക്ഷേപിച്ചു. എന്നാൽ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതിനാൽ ആളപായമൊന്നും ഉണ്ടായില്ല. കുവൈറ്റിന്റെ സൈന്യം രാജ്യത്തിന്റെ വ്യോമപരിധിയിൽ കടന്ന ഡ്രോണുകളുടെ തരംഗത്തെ പ്രതിരോധിച്ചതായി അറിയിച്ചു.
മുമ്പ് ഗൾഫ് രാജ്യങ്ങളോട് നടത്തിയ ആക്രമണങ്ങൾക്ക് ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇറാന്റെ ജുഡീഷ്യറി മേധാവി ഗൾഫ് രാജ്യങ്ങളിലെ “ശത്രുക്കൾക്ക് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങൾ” ലക്ഷ്യമാക്കി ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നൽകി.
ഇതിനിടെ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎഇ “യുദ്ധകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്” എന്നും രാജ്യം ഈ പ്രതിസന്ധിയിൽ നിന്ന് കൂടുതൽ ശക്തിയായി ഉയരുമെന്നും പറഞ്ഞു.
ശനിയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സമീപത്ത് ഒരു അജ്ഞാത വസ്തു തടഞ്ഞതിനെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിരുന്നു. പിന്നീട് ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. സ്ഫോടനശബ്ദം കേട്ടതായും പുക ഉയരുന്നതായി കണ്ടതായും സാക്ഷികൾ പറഞ്ഞു. വിമാനങ്ങളുടെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് സർവീസുകൾ സാധാരണ നിലയിലായതായി റിപ്പോർട്ടുകൾ പറയുന്നു.

















































