തെഹ്റാൻ: അടുത്തകാലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന് വധശിക്ഷ വിധിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി രംഗത്ത്. ഇർഫാൻ സോൾതാനി (26) എന്ന യുവാവിന് വധശിക്ഷ വിധിച്ചുവെന്ന അന്താരാഷ്ട്ര തലത്തിലെ ആശങ്കകൾക്ക് മറുപടിയായാണ് ഔദ്യോഗിക വിശദീകരണം.
ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജനുവരി 10-ന് തെഹ്റാനിന് വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് സോൾതാനിയെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും വധശിക്ഷയ്ക്ക് വിധേയമാകില്ലെന്നും ജുഡീഷ്യറി വ്യക്തമാക്കി. ഇക്കാര്യം റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ സോൾതാനി തെഹ്റാനിന് പടിഞ്ഞാറുള്ള കരാജിലെ കേന്ദ്ര ജയിലിലാണ് കഴിയുന്നത്. ഏറ്റവും പുതിയ പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം വധശിക്ഷ ലഭിച്ച ആദ്യ പ്രതിഷേധക്കാരനാണ് സോൾതാനിയെന്ന അവകാശവാദം മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ഉന്നയിച്ചിരുന്നുവെങ്കിലും, ജുഡീഷ്യറിയുടെ വിശദീകരണത്തോടെ ആ ആരോപണം തള്ളപ്പെട്ടു.
ചില സംഘടനകൾ ജനുവരി 14-ന് സോൾതാനിയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് വധശിക്ഷ മാറ്റിവച്ചതായി അവകാശവാദങ്ങൾ തിരുത്തുകയും ചെയ്തിരുന്നു. സോൾതാനിയുടെ കുടുംബം നേരത്തെ തന്നെ വധശിക്ഷ ഉണ്ടാകില്ലെന്ന് അറിയിച്ചതായി വ്യക്തമാക്കിയിരുന്നു. നോർവേ ആസ്ഥാനമായ ഒരു മനുഷ്യാവകാശ സംഘടനയും അദ്ദേഹത്തിന്റെ ഒരു ബന്ധുവും വധശിക്ഷ നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
അതേസമയം വസ്ത്രക്കടയിൽ ജോലി ചെയ്യുന്ന സോൾതാനിക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ചരിത്രമില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളോടും ജീവിത സാഹചര്യങ്ങളോടും അസഹിഷ്ണത പ്രകടിപ്പിച്ച യുവതലമുറയിലെ ഒരാളായിട്ടാണ് അദ്ദേഹം പ്രതിഷേധങ്ങളിൽ പങ്കെടുത്തതെന്ന് കുടുംബം വ്യക്തമാക്കുന്നു.
അതേസമയം കസ്റ്റഡിയിൽ സോൾതാനിക്ക് പീഡനമോ, ദുരുപയോഗമോ ഉണ്ടാകാമെന്ന ആശങ്കയും കുടുംബം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ അഭിഭാഷകയായ സോൾതാനിയുടെ സഹോദരിക്ക് കേസ് രേഖകൾ കാണാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. പ്രതിഷേധക്കാർക്ക് മുന്നറിയിപ്പായി പൊതുവേദിയിൽ വധശിക്ഷ നടപ്പാക്കാൻ സർക്കാർ നീക്കം നടത്തുമെന്ന ആരോപണങ്ങളും ഉയർന്നിരുന്നെങ്കിലും, അത്തരം ആരോപണങ്ങളും ജുഡീഷ്യറി നിഷേധിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാൻ വ്യാപക പ്രതിഷേധങ്ങളിലാണ്. കൂട്ട അറസ്റ്റുകളും കർശന ശിക്ഷകളും നടക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. വിലക്കയറ്റത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യവ്യാപക കലാപങ്ങളായി മാറിയതോടെ, 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം മതാധിപത്യ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് നിലവിലെ അവസ്ഥയെ നിരീക്ഷകർ വിലയിരുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 2,500-ത്തിലധികം പേർ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.














































