ആശുപത്രിയുടെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ ഒരു ഭാഗം വീണതിന് ആരോഗ്യ മന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ട മലയാള മാധ്യമങ്ങൾ നമ്മുടെ രാജ്യത്തുണ്ടായ ഒരു വലിയ ദുരന്തത്തിൽ ഇപ്പോഴും നിശബ്ദമാണ്. കാരണം അവിടെ ഭരിക്കുന്നത് സിപിഎം അല്ല, ബിജെപി ആണ്. മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ വിഷജല ദുരന്തത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. വിഷമദ്യ ദുരന്തം എന്നൊക്കെ കേട്ടിട്ടുണ്ടാവാമെങ്കിലും കുടിവെള്ളത്തിലെ വിഷം കാരണം ആളുകൾ മരിച്ചു എന്നത് നമ്മൾ ആദ്യമായാവും കേൾക്കുന്നത്. അതും സർക്കാർ വിതരണം ചെയ്യുന്ന വെള്ളത്തിൽ.
ഇന്ത്യയിലെ ഏറ്റവും മാലിന്യ മുക്തമെന്ന് കേന്ദ്ര സർക്കാർ അവാർഡ് നൽകി ആദരിച്ച മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് ഇത് സംഭവിച്ചതെന്നത് ഗൗരവം കൂട്ടുകയാണ്. നഗരത്തിലെ ഭഗീരഥ്പുര പ്രദേശത്ത് 2025 ഡിസംബർ അവസാനത്തോടെ ഉണ്ടായ വിഷജല ദുരന്തം, ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ അശ്രദ്ധയും ഭരണപരാജയവും വെളിപ്പെടുത്തുന്ന ഒരു ദുരന്തമാണ്. “സ്വച്ച് ഭാരത്” എന്ന മുദ്രാവാക്യം തങ്ങളുടെ നേട്ടമായി പറയുന്ന ബിജെപി ഭരിക്കുന്ന സ്ഥലത്ത് ഈ സംഭവം നടന്നത്, ബിജെപി സർക്കാരിന്റെ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം പോലും ഉറപ്പാക്കാൻ കഴിയാത്ത ഭരണകൂടം, പൊതുജനാരോഗ്യത്തോടുള്ള അവഗണനയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. നമുക്ക് ഈ ദുരന്തത്തിന്റെ വിശദാംശങ്ങളും അതിലേക്ക് നയിച്ച ബിജെപി സർക്കാരിന്റെ പരാജയങ്ങളും ഒന്നു പരിശോധിച്ചാലോ…
ആദ്യം ദുരന്തത്തിന്റെ പശ്ചാത്തലവും ടൈം ലൈനും നോക്കാം. അതിനു മുമ്പായി സർക്കാരിന്റെ അവഗണനയുടെ തെളിവുകൾ കൂടി നോക്കേണ്ടതുണ്ട്. ബിജെപി മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഭരണത്തിൻ കീഴിലുള്ള മധ്യപ്രദേശിൽ, ഈ ദുരന്തം ഒരു പെട്ടെന്നുള്ള സംഭവമല്ല – ഒരു വർഷത്തിലധികമായി താമസക്കാർ പരാതിപ്പെട്ടിരുന്നതാണ്. എന്നിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല, ഇത് ജനങ്ങളുടെ ശബ്ദത്തോടുള്ള അവഗണനയെയാണ് സൂചിപ്പിക്കുന്നത്.
ഡിസംബർ 2025 രണ്ടാം വാരം: ഭഗീരഥ്പുരയിലെ ടാപ്പ് വെള്ളത്തിൽ നിറ വ്യത്യാസവും ദുർഗന്ധവും റിപ്പോർട്ട് ചെയ്തു. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ ബിജെപി നിയന്ത്രണത്തിലുള്ളതാണ്. ഈ പരാതികൾ അധികൃതർ അവഗണിക്കുകയാണ് ചെയ്തത്. ഇത് സർക്കാരിന്റെ ഉദാസീനതയുടെ ആദ്യ സൂചനയാണ്.
ഡിസംബർ 25-28, 2025: വെള്ളത്തിന് കയ്പ്പും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങി. ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ബിജെപി സർക്കാർ യാതൊരു മുൻകരുതലും സ്വീകരിച്ചില്ല. ജനങ്ങളെ വിഷത്തിലേക്ക് തള്ളിവിട്ടു.
ഡിസംബർ 29-31, 2025: മരണങ്ങൾ ആരംഭിച്ചു. ഔദ്യോഗികമായി 5 മരണങ്ങൾ സ്ഥിരീകരിച്ചെങ്കിലും, കോൺഗ്രസ് 15 എന്നും മേയർ 10 എന്നും ആരോപിക്കുന്നു. സർക്കാർ മരണസംഖ്യ മറച്ചുവെക്കാൻ ശ്രമിക്കുന്നത് ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണിക്കാനുള്ള തന്ത്രമാണെന്ന ആരോപണം ഉയർന്നു. 1,100-ലധികം പേർക്ക് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ ഉണ്ടായി, 1000-ലധികം പരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ഒരു കുഞ്ഞിന്റെ മരണം വിഷജലം ഉപയോഗിച്ച് പാൽ കലക്കിയതിനാലായിരുന്നു എന്നത് ഏവരുടേയും മനസാക്ഷിയെ ഞെട്ടിക്കേണ്ടതാണ്. എന്നാൽ ഇവിടത്തെ മാധ്യമങ്ങളെപോലെ തന്നെ ഉത്തരേന്ത്യയിലെ ഗോദി മീഡിയയും ഈ സംഭവങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയില്ല. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഇംഗ്ലീഷ് ചാനൽ മാത്രമാണ് വാർത്തയെക്കുറിച്ച് ഒരു ഗൗരവതരമായ ചർച്ചയെങ്കിലും നയിച്ചത്. എന്നാൽ റിപ്പബ്ലിക്കിന്റെ ഹിന്ദി ചാനൽ മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയയുടെ അഭിമുഖമാണ് സംപ്രേഷണം ചെയ്തത്.
ജനുവരി 1-2, 2026: ലാബ് ടെസ്റ്റുകൾ ബാക്ടീരിയൽ മലിനീകരണം സ്ഥിരീകരിച്ചു. എന്നാൽ ദുരന്തം നടന്ന ശേഷം മാത്രമാണ് സർക്കാർ ടാപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശിച്ചത് എന്നത് വലിയ വീഴ്ചയായിരുന്നു. വൈകിയ പ്രതികരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുത്തി.
ഈ ടൈംലൈൻ വ്യക്തമാക്കുന്നത് ബിജെപി നയിക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെയും ഇൻഡോർ മുൻസിപ്പൽ ഭരണസമിതിയുടേയും പ്രതിരോധ നടപടികളുടെ അഭാവമാണ്. 2024-ൽ ആരംഭിച്ച വാട്ടർ സപ്ലൈ പ്രോജക്ട് പൂർത്തിയാക്കാതിരുന്നത് അഴിമതിയും അശ്രദ്ധയും കാരണമാണ്.
അടുത്തതായി ഈ ദുരന്തത്തിന്റെ കാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം:
പ്രധാനമായും പറയേണ്ടി വരുന്നത് ബിജെപി ഭരണത്തിന്റെ സിസ്റ്റമാറ്റിക് പരാജയങ്ങൾ തന്നെയാണ്. ദുരന്തത്തിന്റെ മൂലകാരണം മുൻസിപ്പൽ അധികൃതരുടെ നർമദ നദി വാട്ടർ സപ്ലൈയിലെ മലിനീകരണമാണ്. പൈപ്പ്ലൈൻ ചോർച്ചയും സീവേജ് മിക്സിങ്ങും കാരണം ഇ-കോളി, സാൽമണല്ല തുടങ്ങിയ ബാക്ടീരിയകൾ വെള്ളത്തിൽ കലർന്നു. ഭഗീരഥ്പുരയിൽ പൈപ്പ്ലൈനിനു മുകളിൽ ടോയ്‌ലറ്റ് നിർമിച്ചത് പോലുള്ള അടിസ്ഥാന പിഴവുകളും ബിജെപി നിയന്ത്രിത ഭരണസമിതിയുടെ അനാസ്ഥയെ തുറന്നുകാട്ടുന്നതാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. “ജൽ ജീവൻ മിഷൻ” പോലുള്ള കേന്ദ്ര പദ്ധതികൾ വലിയ പ്രചാരണത്തിനു ഉപയോഗിക്കുമ്പോഴും അതിന്റെ നടത്തിപ്പിൽ വലിയ പാളിച്ചകൾ ഉണ്ടെന്നതാണ് ഇൻഡോർ സംഭവം തെളിയിക്കുന്നത്
ഇനി മരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ കൂടി ഒന്ന് നോക്കാം: ഔദ്യോഗിക കണക്ക് 5 മാത്രമെങ്കിലും, യഥാർത്ഥ സംഖ്യ 10-15 ആണെന്ന് വിമർശകർ ആരോപിക്കുന്നു. ബിജെപി സർക്കാർ സംഖ്യകൾ കുറച്ചുകാണിക്കുന്നത് പ്രതിച്ഛായ രക്ഷിക്കാനാണ്. മരിച്ചവരിൽ ഭൂരിഭാഗവും വയോജനങ്ങളും സ്ത്രീകളും ആയിരുന്നു. 2,800-ലധികം പേർ രോഗബാധിതരായി, ആയിരത്തിലധികം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
മുഖ്യമന്ത്രി മോഹൻ യാദവ് ദുരന്തത്തെ “അടിയന്തരാവസ്ഥ” എന്ന് വിശേഷിപ്പിച്ചെങ്കിലും, പ്രതികരണം വന്നത് വളരെ വൈകിയായിരുന്നു. സർക്കാർ നിലവിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ സമിതി രൂപീകരിച്ചെങ്കിലും, ബിജെപി സർക്കാരിന്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ യഥാർത്ഥ ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമോ എന്ന് സംശയമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ഉന്നയിക്കുന്നത്. അതിനിടെ വിഷയത്തിൽ സർരക്കാരിന്റെ ഉദാസീനത കണ്ട് ഹൈക്കോടതി പ്രശ്നത്തിൽ ഇടപെട്ട് സൗജന്യ ചികിത്സ നിർദേശിച്ച സാഹചര്യവുണ്ടായി. ഇത് സർക്കാരിന്റെ പരാജയത്തിന്റെ ബാഹ്യ സ്ഥിരീകരണം തന്നെയാണ്.
അവസാനമായി ഈ വിഷയത്തിൽ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾ കൂടി പരിശോധിക്കാം:
ബിജെപിയുടെ പ്രതിച്ഛായയും യാഥാർത്ഥ്യവും തമ്മിലുള്ള അകലം കൃത്യമായി പൊളിച്ചെഴുതുന്ന ദുരന്തമാണ് ഇൻഡോറിൽ കണ്ടത്. ബിജെപിക്കുള്ളിൽ തന്നെ മുൻ മുഖ്യമന്ത്രി ഉമാ ഭാരതി ഈ വിഷയത്തിൽ സർക്കാരിന്റെ കൂടുതൽ ഫലപ്രദമായ ഇടപെടൽ ആവശ്യപ്പെട്ടു. “വികസിത ഭാരത്” എന്ന പ്രചാരണത്തിനിടയിൽ ജനങ്ങൾ വിഷജലം കുടിച്ച് മരിക്കുന്നത് ബിജെപിയുടെ ഭരണ മോഡലിന്റെ പരാജയമാണെന്ന് കോൺഗ്രസും ആരോപക്കുന്നു.















































