ലക്നൗ: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനം വലിയ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് പറന്നുയരാൻ സാധിക്കാതെ വരികയായിരുന്നു. റൺവേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തി. വിമാനത്തിലുണ്ടായിരുന്ന വിസമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള 171 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെണന്ന് അധികൃതർ അറിയിച്ചു.
171 യാത്രക്കാരെയും ആറ് ജീവനക്കാരുമായി ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് (6E 2111) പറന്നുയരാൻ കഴിയാതെ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തിയത്. ശനിയാഴ്ച രാവിലെ 11.10നായിരുന്നു സംഭവം.
വിമാനം കൂടുതൽ പരിശോധനയ്ക്കായി ടാക്സിവേ വഴി ബേ 7 ലേക്ക് മടങ്ങി. സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയച്ചു. അതേസമയം സംഭവത്തെക്കുറിച്ച് ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടർന്നു കൊച്ചിയിൽ തിരിച്ചിറക്കിയിരുന്നു. ഓഗസ്റ്റിൽ, കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയിരുന്നു.