ഒരേ ലക്ഷ്യങ്ങളുമായി എവിടെ നിന്നൊക്കെയോ ഒന്നിച്ചു ചേർന്നവർ, ഒരു യാത്രയിൽ സഹയാത്രികരായി… സുഹൃത്തുക്കളായി… സഹോദരങ്ങളായി… പിന്നീട് പാതിവഴിയിൽ യാഥൊരു നിർവാഹവുമില്ലാതെ വേദനയോടെ അവരെ കൈവിടേണ്ടിവന്നു. യുഎസിൽ നിന്ന് തിരിച്ചെത്തിയവർക്ക് പറയാള്ളത് തങ്ങൾ നീന്തിക്കടന്ന സങ്കടക്കടൽ…
തെക്കേ അമേരിക്കയിലേക്കുള്ള ദീർഘദൂര വിമാനങ്ങൾ, പ്രക്ഷുബ്ധമായ കടലിലൂടെ ആടിയുലഞ്ഞ ബോട്ടുകളിലൂടെയുള്ള യാത്ര, അപകടം പതിയിരിക്കുന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള കാൽനടയാത്ര, യുഎസ്- മെക്‌സിക്കോ അതിർത്തിയിലെ ഇരുണ്ട ജയിലുകൾ…അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാർ കടന്നുപോയത് ഒരു ദു:സ്വപ്‌നം പോലെയുള്ള അനുഭവങ്ങളിലൂടെയാണ്. തൊഴിൽ വിസയെന്ന ഏജന്റുമാരുടെ വാഗ്ദാനത്തിൽ അകപ്പെട്ട് ഒടുവിൽ വഞ്ചിതരായി ദുരിതങ്ങൾ താണ്ടി സ്വദേശത്തു തിരിച്ചെത്തിയവർക്കു പറയാനുള്ളത് തങ്ങൾ പിന്നിട്ട കല്ലും മുള്ളും നിറഞ്ഞ പാതകളെക്കുറിച്ച്.
പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തഹ്ലി ഗ്രാമത്തിൽ നിന്നുള്ള ഹർവിന്ദർ സിങ് പറയുന്നു ഒരു ഏജന്റിന് 44 ലക്ഷം രൂപ നൽകി, അയാൾ തനിക്ക് യുഎസിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്തു. അവസാന നിമിഷമാണ് വിസ ലഭിച്ചില്ലെന്ന് ഏജന്റ് അറിയിച്ചത്. പിന്നീട് ഡൽഹിയിൽ നിന്ന് ഖത്തറിലേക്കും അവിടെ നിന്ന് ബ്രസീലിലേക്കും വിമാനം കയറ്റിവിട്ടു. ബ്രസീലിലെത്തിയപ്പോൾ പെറുവിൽ നിന്നൊരു വിമാനം വരാനുണ്ടെന്നും അതിൽ കയറ്റിവിടാമെന്നും പറഞ്ഞു. പക്ഷേ അങ്ങനെയൊരു വിമാനമുണ്ടായിരുന്നില്ല. പിന്നീട് ടാക്‌സി കാറിൽ കൊളംബിയയിലേക്കും അവിടെനിന്ന് പനാമയിലേക്കും പോയി. ഞങ്ങളെ കൊണ്ടുപോകാൻ അവിടെ ഒരു കപ്പൽ വരുമന്ന് പറഞ്ഞു. പക്ഷേ അതുമുണ്ടായില്ല.
പിന്നീട് ഒരു പർവത പാതയിലൂടെ നടന്നതിനുശേഷം ഹർവീന്ദറിനേയും ഒപ്പമുള്ളവരേയും ഒരു ചെറിയ ബോട്ടിൽ ആഴക്കടലിലൂടെ മെക്‌സിക്കോ അതിർത്തിയിലേക്ക് അയച്ചു. നാല് മണിക്കൂർ നീണ്ട കടൽ യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് ഒപ്പമുണ്ടായിരുന്ന ഒരാൾ മരിച്ചു. പനാമ കാട്ടിൽവച്ച് മറ്റൊരാളും മരണത്തിന് കീഴടങ്ങി. കൈയിൽ ബാക്കിയുണ്ടായിരുന്ന കുറച്ച് അരിയാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്. ഹർവിന്ദർ പറയുന്നു.
എന്നാൽ മറ്റൊരാൾക്കു പറയാനുള്ളതും സമാനമായ കാര്യമായിരുന്നു. ദാരാപൂർ ഗ്രാമത്തിലെ സുഖ്പാൽ സിങ്ങ് പറഞ്ഞത് ഇങ്ങനെ- കടൽ മാർഗം 15 മണിക്കൂർ യാത്ര ചെയ്തു. ആഴമേറിയ താഴ്വരകളാൽ ചുറ്റപ്പെട്ട കുന്നുകൾക്കിടയിലൂടെ 40-45 കിലോമീറ്റർ നടന്നു. ‘ആർക്കെങ്കിലും പരുക്കേറ്റാൽ, അവരെ വഴിയിൽ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. വഴിയിൽ നിരവധി മൃതദേഹങ്ങളും കണ്ടു.
ഇതിനിടയിൽ ജലന്ധർ ജില്ലയിൽനിന്നുള്ള ഒരാൾ മെക്സിക്കോയിൽ പിടിയിലായി. യുഎസ് അതിർത്തി കടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. പിന്നീട് ഞങ്ങളെ 14 ദിവസം ഇരുണ്ട ജയിലിൽ പാർപ്പിച്ചു. ആ ദിവസങ്ങളിൽ സൂര്യന്റെ വെളിച്ചം പോലും കണ്ടില്ല. ആയിരക്കണക്കിന് പഞ്ചാബി ആൺകുട്ടികളും കുടുംബങ്ങളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. നിയമം ലംഘിച്ച്, തെറ്റായ വഴികളിലൂടെ വിദേശത്തേക്ക് പോകാൻ ശ്രമിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്.’ സുഖ്പാൽ പറയുന്നു.