തിരുവനന്തപുരം: അങ്ങ് തലസ്ഥാന നഗരിയിൽ കാലു കുത്തുമ്പോൾ ഒരു ജയം ചമരി അട്ടപ്പട്ടുവും സംഘവും ആഗ്രഹിച്ചിരിക്കാം. പക്ഷെ ഇത് ഇന്ത്യയാണ്, കളിക്കളത്തിലെ വാശിക്ക് ആൺ- പെൺ വ്യത്യാസമില്ല… ശ്രീലങ്കയ്ക്കെതിരായ ട്വന്റി20യിൽ ടീം ഇന്ത്യയുടെ സമ്പൂർണ ആധിപത്യം. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ട്വന്റി20യിൽ 15 റൺസിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.
ഇന്ത്യയ്ക്കുമുന്നിൽ എല്ലാം മത്സരങ്ങളും തോറ്റെന്ന നാണക്കേടൊഴിവാക്കാൻ ചമരി അട്ടപ്പട്ടുവും സംഘവും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുയർത്തിയ 176 റൺസിന് 15 വാരെ അകലെ ആ ദൗത്യം അവസാനിച്ചു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണു മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ നേടിയത്.
ഓപ്പണർ ഹാസിനി പെരേരയും (42 പന്തിൽ 65), വൺഡൗണായിറങ്ങിയ ഇമേഷ ദുലനിയും (39 പന്തിൽ 50) അർധ സെഞ്ചുറി നേടി തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് വിജയത്തിലെത്താൻ സാധിച്ചില്ല. മധ്യനിരയിൽ ആരും തിളങ്ങാനാകാതെ പോയതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ രക്ഷാപ്രവർത്തനമാണു ഇന്ത്യയെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. 43 പന്തുകൾ നേരിട്ട ഹർമൻ ഒരു സിക്സും ഒൻപതു ഫോറുകളും ഉൾപ്പടെ 68 റൺസടിച്ചു.
64 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ബാറ്റിങ് ആത്മവിശ്വാസം പകർന്നു. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഷെഫാലിയെ പേസർ നിമാഷ മീപേജ് ഇമേഷ ദുലാനിയുടെ കൈകളിലെത്തിച്ചു. ബാറ്റിങ് പവർപ്ലേ തീരും മുൻപ് അഞ്ചാം ഓവറിൽ ഗുനാലൻ കമാലിനിയെ കവിഷ ദിൽഹരി എൽബിഡബ്ല്യുവിലൂടെ പുറത്താക്കി. പിന്നാലെ ഹർലീൻ ഡിയോളും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ഇതോടെ രക്ഷാദൗത്യം ക്യാപ്റ്റൻ തന്നെ ഏറ്റെടുത്തി. മധ്യനിരയിൽ റിച്ച ഘോഷും (അഞ്ച്), ദീപ്തി ശർമയും (ഏഴ്) നിരാശപ്പെടുത്തിയപ്പോൾ, അമൻജ്യോത് കൗറിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്കു കരുത്തായി. 18 പന്തുകൾ നേരിട്ട അമൻജ്യോത് 21 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഡി 11 പന്തിൽ 27 റൺസുമായി പുറത്താകാതെനിന്നു.

















































