ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ല എന്ന മുൻനിലപാട് ആവർത്തിച്ച് ഇന്ത്യ. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് ആവർത്തിച്ചതെന്ന് സർക്കാർ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
കശ്മീരിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. പാക് അധീന കശ്മീർ തിരികെ ലഭിക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനില്ല. തീവ്രവാദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിഷയം. മറ്റു വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. പ്രശ്നത്തിൽ ആരും മധ്യസ്ഥത വഹിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട് എന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇന്ത്യയുമായുള്ള പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്റെ വാഗ്ദാനത്തെ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യത്തിൽ പാക് പ്രധാനമന്ത്രി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യ- പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെയാണ് കശ്മീർ പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. വെടിനിർത്തലിന് തയ്യാറായ ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ട്രംപ് കശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് സന്നദ്ധത അറിയിച്ചത്.
കൂടാതെ വെടിനിർത്തൽ ധാരണയിലെത്താൻ യുഎസ് സഹായം ചെയ്തുവെന്ന അവകാശവാദം ട്രംപ് ആവർത്തിക്കുകയും ചെയ്തിരുന്നു. ട്രൂത്ത് സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ശനിയാഴ്ച ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ ഇതു തള്ളുകയായിരുന്നു.