വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തുകയും എന്നാൽ ഇതേ കാര്യം ചെയ്യുന്ന ചൈനയ്ക്കെതിരെ തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതിൽ ന്യായീകരണവുമായി യുഎസ്. റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വൻ ലാഭംകൊയ്യുകയും അതുവഴി ശതകോടികൾ സമ്പാദിക്കുകയും ചെയ്യുന്നതിനാലാണ് ഇന്ത്യയ്ക്കുമേൽ പിഴ തീരുവകൂടി ചുമത്തിയതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻറിൻറെ കണ്ടുപിടിത്തം. ചൊവ്വാഴ്ച ടിവി അഭിമുഖത്തിലായിരുന്നു ബെസെന്റിന്റെ പ്രതികരണം.
യുക്രൈനിലെ യുദ്ധകാലത്തും അതിനുശേഷവും റഷ്യൻ എണ്ണ വിൽപ്പന നടത്തി ഇന്ത്യ വലിയ ലാഭം നേടിയെന്ന് അദ്ദേഹം സിഎൻബിസിയോട് പറഞ്ഞു. പക്ഷെ റഷ്യയിൽനിന്നുള്ള എണ്ണവാങ്ങലിന് ചൈനയെ ശിക്ഷിക്കേണ്ടതില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് യുഎസ് ഉദ്യോഗസ്ഥന്റെ വാദം.
അതുപോലെ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് മുമ്പുതന്നെ ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 13 ശതമാനവും റഷ്യയിൽനിന്നായിരുന്നുവെന്ന് ഇതിനെ ന്യായീകരിക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇത് 16 ശതമാനമാണ്. ചൈന തങ്ങളുടെ എണ്ണ ഇറക്കുമതി വൈവിധ്യവത്കരിച്ചിട്ടുണ്ട്. എന്നാൽ, റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മുമ്പ് ഒരുശതമാനത്തിൽ താഴെ മാത്രമായിരുന്നു, ഇപ്പോഴത് 42 ശതമാനമായി ഉയർന്നിരിക്കുകയാണെന്നും ബെസെന്റ് പറഞ്ഞു.
അതോടൊപ്പം ഇന്ത്യ എണ്ണ മറിച്ചുവിറ്റ് ലാഭംകൊയ്യുകയാണെന്ന് പറഞ്ഞ ബെസെന്റ്, ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ചില കുടുംബങ്ങൾ 16 ബില്ല്യൺ അധിക ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ഇടനിലക്കാരായിനിന്ന് മറിച്ചുവിൽക്കുന്ന ഇന്ത്യൻ രീതി യുക്രൈൻ യുദ്ധകാലത്ത് വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ബെസെന്റ് ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.
നേരത്തെ റഷ്യയിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയെ അധിക തീരുവയിൽനിന്ന് ഒഴിവാക്കിയതിനേക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. റഷ്യയിൽനിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ആഗോള വിപണിയിൽ മറിച്ചുവിൽക്കുകയാണ് ചൈന ചെയ്തുവരുന്നതെന്നും ചൈനയ്ക്ക് മേൽ ഏർപ്പെടുത്തുന്ന അധിക തീരുവ ആഗോള വിപണിയിൽ എണ്ണ വിലവർധനയ്ക്ക് ഇടയാക്കുമെന്നുമായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി നൽകിയ വിശദീകരണം.