വാഷിങ്ടൻ: യുഎസിനെ ഇന്ത്യ നന്നായി മുതലെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഇന്ത്യയെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ 18 മില്യണ്‍ ഡോളര്‍. എന്തിനാണത്? അവർക്ക് പണം ആവശ്യമില്ല’ – ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം യുഎസ് സ്വന്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തിനു പകരം തിരഞ്ഞെടുപ്പുകളില്‍ പരമ്പരാഗത പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നതിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു.
‘‘അവർ നമ്മളെ നന്നായി മുതലെടുക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിങ്ങൾ എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമ്പോൾ അവർ 200 ശതമാനം തീരുവ ഈടാക്കുന്നു. എന്നിട്ട് അവരുടെ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ നമ്മൾ അവർക്ക് ധാരാളം പണം നൽകുന്നു’’ – ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശ രാജ്യത്തിനു വലിയ തുക നൽകിയതിലെ മുൻ സർക്കാരിന്റെ നടപടിയെ ആണ് ട്രംപ് ചോദ്യം ചെയ്യുന്നത്.
എന്നാല്‍ ട്രംപ് ഇന്നു പറഞ്ഞ 18 ദശലക്ഷം ഡോളറിന്റെ ഫണ്ട് ഏതാണെന്ന് വ്യക്തമല്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി 21 ദശലക്ഷം ഡോളറിന്റെ യുഎസ്എഐഡി വകയിരുത്തിയിരുന്നെന്നും ഇത് അവസാനിപ്പിക്കുമെന്നുമായിരുന്നു ഇലോൺ മസ്ക് മേധാവിയായ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) അറിയിച്ചിരുന്നത്.
Trump’s India Accusation: $18 Million in Election Aid Sparks Outrage
Donald Trump India News World News Latest News