ന്യൂഡൽഹി: പതിറ്റാണ്ടുകളായി തുടരുന്ന ഇന്ത്യ- ചൈന അതിർത്തി തർക്കം തീർക്കാനൊരുങ്ങി ഇരു രാജ്യങ്ങളും. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ചർച്ചയ്ക്ക് ശേഷം അതിർത്തി നിർണയം വേഗത്തിലാക്കാൻ തീരുമാനമായതായി റിപ്പോർട്ട്. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിർത്തി നിർണയിക്കുക എന്നതാണ് ചർച്ചയുടെ ലക്ഷ്യം.
അതേസമയം ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, അതിർത്തി നിർണയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഇരുഭാഗത്തും തർക്കമില്ലാത്ത പ്രദേശങ്ങളിലായിരിക്കും തീരുമാനമുണ്ടാകുക. ഇരുരാജ്യങ്ങൾക്കും തർക്കമില്ലാത്ത മേഖലകൾ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിർത്തി നിർണയത്തിന്റെ ഭാഗമായി ആദ്യം വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ സമിതിയെ രൂപീകരിക്കും.
രണ്ടാമതായി അതിർത്തിയിൽ ഇരുഭാഗത്തും തർക്കമധികമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തും. ഈ സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് അത് അതിർത്തിയായി നിശ്ചയിക്കുക എന്നത് മൂന്നാമത്തെ ഘട്ടമായും അവസാനം ഇവിടെ അതിർത്തി നിർണയിച്ച് അതിര് തിരിച്ച് അടയാളപ്പെടുത്തി തൂണുകൾ സ്ഥാപിക്കുക എന്നതുമാണ്.
അതുപോലെ ഘട്ടം ഘട്ടമായി അതിർത്തി വിഷയം സമാധാനപരമായി പരിഹരിക്കുക എന്നതാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പരം വിശ്വാസം വർധിപ്പിച്ച് മാത്രമേ മുന്നോട്ടുപോകാനാകു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈനയുടെ മനംമാറ്റം. 2020 മെയിലെ ഗാൽവാൻ സംഘർഷത്തിന് ശേഷവും തുടരുന്ന സേനാ സാന്നിധ്യം പിൻവലിക്കാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമായുണ്ടാകും. ചർച്ചകളുടെ പുരോഗതിക്കനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദർശനത്തിന്റെ അജണ്ടകൾ നിശ്ചയിക്കും.
അതേസമയം ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31-ന് ചൈനയിലേക്ക് പോകുന്നുണ്ട്. യോഗം സൗഹാർദ്ദപരമായ സ്ഥിതിയിൽ മുന്നോട്ടുപോകുന്നതിന് വേണ്ടിക്കൂടിയാണ് ചൈന ഇപ്പോൾ മൃദുസമീപനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല, യുഎസിന്റെ ഭാഗത്തുനിന്നുള്ള താരിഫ് ഭീഷണികളും മാറുന്ന ലോകക്രമങ്ങളുമൊക്കെ ഇന്ത്യയെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായിട്ടുണ്ട്. ഇതോടെ സൗഹാർദപരമായി കാര്യങ്ങൾ അവസാനിപ്പിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ദൃഢപ്പെടുത്തുക തുടങ്ങിയവയാണ് ചൈന ലക്ഷ്യമിടുന്നത്.